‘‘ആരെടാ വാലിൽ പിടിക്കുന്നേ’’; മലമ്പാമ്പിനെ ചാക്കിലാക്കി വയോധികൻ

#ന്യൂസ് ഡെസ്ക്
വികാസവാണിയില്‍ മതിലിന് മുകളിലൂടെ ഇഴഞ്ഞുനീങ്ങിയ മലമ്പാമ്പിനെ വാലില്‍ പിടിച്ചു താഴെയിറക്കാന്‍ ശ്രമിക്കുന്ന വയോധികന്‍, മലമ്പാമ്പിനെ ചാക്കിലാക്കുന്നു.
വികാസവാണിയില്‍ മതിലിന് മുകളിലൂടെ ഇഴഞ്ഞുനീങ്ങിയ മലമ്പാമ്പിനെ വാലില്‍ പിടിച്ചു താഴെയിറക്കാന്‍ ശ്രമിക്കുന്ന വയോധികന്‍, മലമ്പാമ്പിനെ ചാക്കിലാക്കുന്നു.

കാക്കനാട്: വാഹനങ്ങളും യാത്രക്കാരും പോകുന്ന റോഡിലൂടെ ഒരു ’കക്ഷി’ മതിലിന് മുകളിലൂടെ പായുന്നു. ആദ്യം ആൾ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. തലപൊക്കി നോക്കിയതോടെ കാൽനടയാത്രക്കാർ ഞെട്ടി. മതിലിന് മുകളിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു പത്ത് അടിയോളം നീളമുള്ള കൂറ്റൻ മലമ്പാമ്പ്.

ബുധനാഴ്ച വൈകീട്ടോടെ കാക്കനാട്-പള്ളിക്കര റോഡിൽ വികാസവാണി ജങ്ഷന് സമീപത്തായിരുന്നു സംഭവം. ഇവിടത്തെ 02 സോൺ ഫ്ളാറ്റിന് മുൻപിലെ ഒഴിഞ്ഞ പറമ്പിലെ മതിലിന് മുകളിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു കക്ഷി. ഫ്ളാറ്റിന് മുൻപിലുള്ള ഒഴിഞ്ഞ പറമ്പിൽ തീപ്പിടിത്തം ഉണ്ടായിരുന്നു. തീയുടെ ചൂടിൽനിന്ന് മലമ്പാമ്പ് രക്ഷതേടി മതിലിലൂടെ ഇഴഞ്ഞ് പുറത്തേക്കെത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് പാമ്പിനെ താഴെയിറക്കാൻ ശ്രമിച്ചു. വാലിൽ പിടിച്ച് മതിലിൽനിന്ന് താഴേക്കുവലിക്കാനായിരുന്നു ശ്രമം. എന്നാൽ ’’ആരെടാ വാലിൽ പിടിക്കുന്നത്’’ എന്ന മട്ടിൽ തലപൊക്കി തിരിഞ്ഞ പാമ്പിനെ കണ്ടതോടെ പലരും പിൻമാറി.

ഇതിനിടെ മറ്റൊരു വയോധികൻ ധൈര്യത്തോടെ മുന്നോട്ടെത്തി. മതിലിൽനിന്ന് ഒഴിഞ്ഞ പറമ്പിലേക്ക് ഇറങ്ങാൻ ശ്രമിച്ച പാമ്പിന്റെ വാലിൽ ഉറച്ചുപിടിച്ച് താഴെയിട്ടു. പിന്നാലെ കൂളായി നാട്ടുകാരുടെ സഹായത്തോടെ മലമ്പാമ്പിനെ ചാക്കിലാക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ വനംവകുപ്പ് അധികൃരെത്തി മലമ്പാമ്പിനെ കൊണ്ടുപോയി. സമീപത്തെ പല പ്രദേശങ്ങളിലും പാമ്പ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തെ വില്ലയിലെ മാളത്തിൽ പാമ്പിനെ കണ്ടത് വനംവകുപ്പിനെ അറിയിച്ചെങ്കിലും അവർ പിടികൂടാൻ വന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

Content Highlights: A 10-foot-long python was spotted on a compound wall in Kakkanad., The snake was escaping a fire that broke out in an adjacent empty plot., Local residents, including an elderly man, successfully and bravely captured the snake., The Forest Department was later called and took custody of the python., Residents have raised concerns about increasing snake sightings in the area.