തിരഞ്ഞെടുപ്പുദിവസം ജില്ലാ ഭരണകൂടം എല്ലാം കാണും; ‘ഹൈടെക്’ സംവിധാനം സജ്ജമാക്കി എറണാകുളം കളക്ടറേറ്റ്

കാക്കനാട്: തിരഞ്ഞെടുപ്പുദിവസം ജില്ലയിലെ ഓരോ ബൂത്തിലെയും പ്രവർത്തനങ്ങൾ മുഴുവൻ നിരീക്ഷിച്ചും ഏകോപിപ്പിച്ചും മുന്നോട്ടു കൊണ്ടു പോകാനുള്ള കൺട്രോൾ റൂം കളക്ടറേറ്റിൽ ഒരുങ്ങുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് കൺട്രോൾ റൂം സജ്ജമാക്കുന്നത്. അതീവ പ്രശ്നബാധിത ബൂത്തുകളിൽ അകവും പുറവും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ പകർത്തിയെടുക്കാൻ കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
ഹൈടെക് സംവിധാനം വരുന്നതോടെ മുൻപത്തെ പോലെ പ്രശ്നങ്ങൾ ഇത്തവണ ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ. വോട്ടർമാർ നിൽക്കുന്ന ക്യൂ മുതൽ ക്യാമറയിൽ പതിയും. വോട്ടർമാരുടെ ബൂത്തിലേക്കുള്ള പ്രവേശനം, വിരലിൽ മഷി പുരട്ടുന്നത് തുടങ്ങി യന്ത്രത്തിനടുത്തേക്ക് വോട്ടർ പ്രവേശിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ ഇത്തവണ വെബ്കാസ്റ്റിങ്ങിലൂടെ പുറത്തുവരും.കള്ളവോട്ടു ചെയ്യാനെത്തുന്നവർ, രേഖകളിൽ കൃത്രിമം കാണിക്കുന്നവർ, ആൾമാറാട്ടം തുടങ്ങി പല തട്ടിപ്പുകൾക്കും പഴുതടയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ ജില്ലയിലെ മുഴുവൻ ബൂത്തുകളിലെയും പോളിങ് നിലവാരം അടക്കമുള്ള വിവരങ്ങൾ തത്സമയംതന്നെ കൺട്രോൾ റൂമിൽ ലഭ്യമാകും.
ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിലുള്ള 30-ഓളം പേർ കളക്ടറേറ്റ് തിരഞ്ഞെടുപ്പു കൺട്രോൾ റൂമിന്റെ പ്രവർത്തനം ഏകോപിപ്പിക്കും. ഐടി വിഭാഗം ജില്ലാ പ്രോജക്ട് മാനേജർ ചിഞ്ചു സുനിൽ ദത്തിനാണ് വെബ്കാസ്റ്റിങ്ങിന്റെ ചുമതല.
പോൾ മാനേജർ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പ്രധാനമായും ഉദ്യോഗസ്ഥർ തമ്മിലുള്ള വിവര കൈമാറ്റം സാധ്യമാകുന്നത്. പോളിങ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ, സെക്ടറൽ ഓഫീസർമാർ തുടങ്ങിയവരെല്ലാം ഈ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
ഓരോ ഉദ്യോഗസ്ഥനും ബന്ധപ്പെട്ട പോളിങ് ബൂത്തുകളിൽ എത്തുമ്പോഴും വോട്ടെടുപ്പു നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി തിരികെ മടങ്ങുമ്പോഴും ഈ ആപ്ലിക്കേഷൻ വഴി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യും.
Content Highlights: Kakkanad`s election control room goes high-tech with webcasting & mobile apps to ensure a fair and transparent polling process, preventing fraud.