കയ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ ലഹരി ഉപയോഗിച്ചു, നാട്ടുകാരുമായി തർക്കവും കയ്യാങ്കളിയുമുണ്ടായി

#ന്യൂസ് ഡെസ്ക്
മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നു, അപകടത്തിൽ തകർന്ന കാർ
മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നു, അപകടത്തിൽ തകർന്ന കാർ

തൃശ്ശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി സൂചന. പോസ്റ്റുമോർട്ടത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം എന്ന് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ തൃശ്ശൂർ മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു

കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാനാകും. രാസലഹരി ഉപയോഗത്തെ കുറിച്ച് അറിയാനുള്ള പരിശോധനകളും നടത്തുന്നുണ്ട്.

അതേസമയം തളിക്കുളത്തെ ഹോട്ടലിൽ വെച്ച് സംഘം അവിടെയുണ്ടായിരുന്നവരുമായി തർക്കവും കൈയാങ്കളിയും ഉണ്ടായതായി അറിയുന്നു. വിവരമറിഞ്ഞ് വാടാനപ്പള്ളി പോലീസ് എത്തുമെന്നായതോടെ സംഘം കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. 

ശനിയാഴ്ച പുലർച്ചെ 12 മണിയോടെ കയ്പമംഗലം ദേശീയപാതയിലെ പനമ്പിക്കുന്ന് സെന്ററിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഉള്ളിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കയറ്റം കയറി ഇറങ്ങുന്ന സ്ട്രൈറ്റ് റോഡിൽ നല്ല വേഗതയിലാണ് കാർ വന്നിരുന്നത്.

Content Highlights: Postmortem indicates students consumed alcohol before the fatal crash in Kaipamangalam., Forensic samples sent to the lab for further confirmation, including synthetic drug testing., An altercation occurred at a Talikkulam hotel prior to the accident, prompting the group to flee.