കാഫിർ സ്‌ക്രീന്‍ഷോട്ട്: CPM-ന്റെ കപടമുഖം വെളിപ്പെട്ടു -പരാതിക്കാരൻ; പ്രക്ഷോഭം തുടങ്ങും -DCC അധ്യക്ഷൻ

#സ്വന്തം ലേഖിക
കെ. പ്രവീൺ കുമാർ | Photo: Screengrab/ Mathrubhumi News
കെ. പ്രവീൺ കുമാർ | Photo: Screengrab/ Mathrubhumi News

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ സി.പി.എം. ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഡി.സി.സി. അധ്യക്ഷന്‍ അഡ്വ. കെ. പ്രവീണ്‍കുമാര്‍. കാഫിർ സ്ക്രീൻഷോട്ടിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റിന് പങ്കുണ്ടെന്ന് ആരോപിച്ച അദ്ദേഹം ഇരയുടെ പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്നും കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നും കൂട്ടിച്ചേർത്തു. 

ഫോണ്‍ കസ്റ്റഡിയിലെടുക്കുകയല്ല, മറിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. സി.പി.എമ്മിന്റെ പോഷക സംഘടനയെ പോലെയാണ് പോലീസ് പെരുമാറുന്നത്. വടകരയിലെ പോലീസ് സി.പി.എമ്മിനെ പേടിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത്. അറസ്റ്റുണ്ടായില്ലെങ്കില്‍ ഉടന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇക്കാര്യം തീരുമാനിക്കാന്‍ ബുധനാഴ്ച വടകരയില്‍ യു.ഡി.എഫ്. യോഗം ചേരുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. 

സി.പി.എമ്മിന്റെ കപടമുഖം തുറന്നുകാട്ടപ്പെട്ടുവെന്ന് കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഹൈക്കോടതിയില്‍ പരാതി നല്‍കിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കാസിം പറഞ്ഞു. പോലീസ് നിഷ്‌ക്രിയത്വം കാണിക്കുകയാണ്. പോലീസ് റിപ്പോര്‍ട്ടിലുള്ള ഒരാള്‍ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ്. പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പേരുകള്‍ക്കൊപ്പം വിലാസം പോലുമില്ല. കേസുമായി മുന്നോട്ടുപോകുമെന്നും കാസിം പറഞ്ഞു. 

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ സി.പി.എം. നേതാക്കള്‍ കുടുങ്ങുമെന്ന് യു.ഡി.എഫ്. വടകര മണ്ഡലം ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പാറക്കല്‍ അബ്ദുല്ല പറഞ്ഞു. ഇടത് സൈബര്‍ സംഘങ്ങളാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തതെന്ന് വ്യക്തമായി. പ്രതികള്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പോലീസ് ആരെയോ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

റിബേഷ് എന്ന അധ്യാപകനാണ് ആദ്യമായി ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. നാട്ടില്‍ വിഭാഗീയത ഉണ്ടാക്കിയ ആള്‍ അധ്യാപകനായിരിക്കാന്‍ അര്‍ഹനല്ല. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. ചോദ്യം ചെയ്താല്‍ സി.പി.എം. നേതാക്കള്‍ കുടുങ്ങും. പ്രതിയെ കസ്റ്റഡിയിലെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാറക്കല്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. 
 

Content Highlights: CPM top leaders have role behind Kafir screenshot, says Kozhikode DCC president Adv K Praveen Kumar