ജലന്ധറിൽ ബസ് മറിഞ്ഞ് കടുത്തുരുത്തി സ്വദേശിനിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; അപകടം പഠനയാത്രയ്ക്കിടെ

#സ്വന്തം ലേഖകൻ
ജോസ്‌ന ജോർജ്
ജോസ്‌ന ജോർജ്

കടുത്തുരുത്തി: പഞ്ചാബിൽ പഠനയാത്രയ്ക്കുപോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ കടുത്തുരുത്തി സ്വദേശിനിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. പഞ്ചാബ് ലൗലി പ്രൊഫഷണൽ സർവകലാശാല രണ്ടാം വർഷ എം.ബി.എ. ലോജിസ്റ്റിക്‌സ് വിദ്യാർഥിനി കടുത്തുരുത്തി പൂഴിക്കോൽ കൊരക്കാലായിൽ ജോസ്‌ന ജോർജ്(22)ആണ് മരിച്ചത്. 

കോളേജിൽനിന്ന് പഠനയാത്രക്കുപോയ സംഘത്തിലെ അംഗമായിരുന്നു ജോസ്‌ന. പഞ്ചാബിലെ ജലന്ധറിൽ തിങ്കളാഴ്ച രാവിലെ ഇവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസിൽനിന്ന് പുറത്തേക്ക് തെറിച്ച് വീണ ജോസ്‌ന ഉൾപ്പെടെയുള്ളവരുടെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു. മൂന്നുപേരാണ് അപകടത്തിൽ മരിച്ചത്.

റിട്ട. പോലീസുകാരനായ ജോർജിന്റെയും സ്വപ്നയുടെയും മകളാണ് ജോസ്ന. അപകടവിവരം അറിഞ്ഞ് ജോസ്‌നയുടെ പിതാവും മറ്റ് ബന്ധുക്കളും പഞ്ചാബിലേക്ക് പുറപ്പെട്ടു. സഹോദരങ്ങൾ: ജോഫിൻ, ജോസ്ഫിൻ. സംസ്‌കാരം പിന്നീട്.