റെയിൽവേ ഗേറ്റ് തലയിൽ പതിച്ചു;ഹെൽമറ്റ് രക്ഷകനായി,സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയിടയ്ക്ക്

കടലുണ്ടി: മണ്ണൂർ റെയിൽവേ ഗേറ്റ് തലയിൽപതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നല്ലൂർ ഓലശ്ശേരി വീട്ടിൽ ശശീധരനാണ് (73) പരിക്കുകളോടെ രക്ഷപ്പെട്ടത്.
ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ശശീധരൻ ഓലശ്ശേരി ചാലിയം ഭാഗത്തുനിന്ന് നല്ലൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ വരുകയായിരുന്നു. ഒന്നാമത്തെ ഗേറ്റ് കടന്ന് രണ്ടാംഭാഗത്ത് എത്തിയപ്പോഴാണ് ഗേറ്റ് തലയിൽ പതിച്ചത്.
തലയിൽ ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടത്. ഉടൻതന്നെ സമീപത്തെ കടക്കാരും മണ്ണൂർ റെയിൽവേ ഗേറ്റിലുണ്ടായിരുന്ന ജീവനക്കാരും ചേർന്ന് കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗേറ്റിന്റെ വീഴ്ചയിൽ മുകളിലത്തെ വരിയിലെ രണ്ടുപല്ലുകൾ നഷ്ടമായിട്ടുണ്ട്. മൂക്കിനും പരിക്കേറ്റിട്ടുണ്ട്. കൂടാതെ താടിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനുശേഷം ഒരുമണിക്കൂർ നേരം ഈ ഗേറ്റടച്ച് അധികൃതർ പരിശോധിച്ചെങ്കിലും കാര്യമായ തകരാറൊന്നും കണ്ടെത്തിയില്ലയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇവിടത്തെ റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ തകരാറ്‌് ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നു. ഇത്തരം കാര്യങ്ങളിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് അടിയന്തരശ്രദ്ധ ഉണ്ടാവണമെന്നും വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാർ കടന്നുപോവുന്ന വഴിയാണിതെന്നും പരിക്കേറ്റ ശശിധരൻ ഓലശ്ശേരി പറഞ്ഞു.
Content Highlights: 73-year-old Shashidharan survived a railway gate collapse due to wearing a helmet., The incident occurred at the Mannur railway gate near Kadalundi., Local residents report frequent technical malfunctions at this specific railway gate., The victim suffered injuries to his nose, jaw, and lost two teeth., Demands for urgent railway maintenance and safety inspections have been raised.