‘കടകംപള്ളിയുമായി അടുത്തബന്ധം, രണ്ടുതവണ വീട്ടിൽ എത്തി’; കുരുക്കായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി

#മാതൃഭൂമി ന്യൂസ്
കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം, കടകംപള്ളി സുരേന്ദ്രൻ | Photo: Screengrab/ Mathrubhumi News
കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം, കടകംപള്ളി സുരേന്ദ്രൻ | Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളിക്ക് കുരുക്കായി ശബരിമല സ്വർണ്ണക്കടത്തുകേസ് പ്രതികളുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റേയും മൊഴിയാണ് ഇപ്പോൾ കടകംപള്ളി സുരേന്ദ്രന് കുരുക്കാകുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കടകംപള്ളിയുമായി അടുത്തബന്ധമുണ്ടെന്നാണ് വിവരം.

മന്ത്രിയാകുന്നതിന് മുമ്പ് തന്നെ കടകംപള്ളി സുരേന്ദ്രനെ അറിയാം എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയിരിക്കുന്ന മൊഴി. തിരുവനന്തപുരംകാരനെന്ന നിലയിൽ കടകംപള്ളിയുമായി പരിചയമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ദേവസ്വം ബോർഡ് മന്ത്രിയായതിന് ശേഷം കടകംപള്ളി സുരേന്ദ്രൻ പുളിമാത്തെ വീട്ടിൽ വന്നിട്ടുണ്ട് എന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴിയിൽ പറയുന്നുണ്ട്. സൗഹൃദ സന്ദർശനമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കുന്നത്.

എ. പദ്മകുമാറിന്റെ മൊഴിയും കടകംപള്ളി സുരേന്ദ്രന് എതിരായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ താൻ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ മന്ത്രി കടകംപള്ളിക്കും തന്ത്രി കണ്ഠര് രാജീവർക്കും അറിയാമായിരുന്നുവെന്നായിരുന്നു എ. പദ്മകുമാർ നേരത്തെ നൽകിയ മൊഴി.

Content Highlights: Former minister Kadakampally Surendran implicated in Sabarimala gold smuggling case by Unnikrishnan Potty`s testimony.