'എല്ലാം ചവറ് വാര്‍ത്തകള്‍, ഒന്നും നടക്കാന്‍ പോവുന്നില്ല'; മാധ്യമങ്ങളോട് കയര്‍ത്ത് കെ.സുരേന്ദ്രന്‍

K Surendran | Sreekesh S , Mathrubhumi
K Surendran | Sreekesh S , Mathrubhumi

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് കയര്‍ത്ത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കഴിഞ്ഞ ദിവസങ്ങളിലായി തനിക്കെതിരെ മാധ്യമങ്ങള്‍ 'ചവറ്' വാര്‍ത്തകളാണ് നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു. 

നിങ്ങള്‍ എന്തൊക്കെയാണ് എഴുതിവിടുന്നത്. 15 കൊല്ലമായി ദില്ലിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി. മുരളീധരന്‍ രാജ്യസഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് കേരളാ അധ്യക്ഷ പദവി പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന്. എന്തെങ്കിലും അടിസ്ഥാനം ഇതിലുണ്ടോ? ഈ രീതിയിലുള്ള ചവറ് വാര്‍ത്തകളുമായിട്ടാണോ നിങ്ങള്‍ രാവിലെ വന്നിരിക്കുന്നത്?- സുരേന്ദ്രന്‍ ചോദിച്ചു.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 15 സീറ്റ് കിട്ടിയതും ചേലക്കരയില്‍ കോണ്‍ഗ്രസ് തോറ്റമ്പിയതും ചര്‍ച്ച ചെയ്യുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് നിങ്ങള്‍ മൂന്ന് ദിവസമായി തുള്ളിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ നിരാശരാകേണ്ടി വരും'. ഇന്നത്തെ യോഗം സജീവ അംഗത്വത്തെ കുറിച്ചും പ്രാഥമിക അംഗത്വത്തെ കുറിച്ചുള്ളതാണെന്നും മാധ്യമങ്ങള്‍ പറഞ്ഞ ഒരു കാര്യവും സംഭവിക്കാന്‍ പോവുന്നില്ലെന്നും പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ സുരേന്ദ്രന്‍ പറഞ്ഞു. 

Content Highlights: Kerala BJP President K Surendran criticized media for spreading false news about him