സതീശന് കണ്ടകശനി, അത് കൊണ്ടേപോകൂ; കോണ്‍ഗ്രസിന്റെ ഓഫീസ് മുഴുവനും പിഎഫ്‌ഐ നേതാക്കള്‍- സുരേന്ദ്രന്‍

കെ.സുരേന്ദ്രൻ, വി.ഡി.സതീശൻ | ഫോട്ടോ: മാതൃഭൂമി
കെ.സുരേന്ദ്രൻ, വി.ഡി.സതീശൻ | ഫോട്ടോ: മാതൃഭൂമി

പാലക്കാട്:  പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കണ്ടകശനിയാണെന്നും അത് സതീശനേയും കൊണ്ടേപോകുവെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സതീശന് കണ്ടകശനിയായതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അത് കൊണ്ടേ പോകൂ. അവസാനലാപ്പില്‍ ചെയ്തത് എന്ത് സംഭവിക്കുമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിശകലനം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് പോയത് നല്ല കാര്യമാണെന്നും ചാവക്കാട് വഴിയാണോ തിരിച്ചു വരുന്നതെന്നും സന്ദീപ് വാര്യരുടെ പാണക്കാട് സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സുരേന്ദ്രന്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഭീകരവാദശക്തികളെ കൂട്ടുപിടിച്ച് വി.ഡി.സതീശനും യുഡിഎഫും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെ പേരില്‍ പ്രത്യേക കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് വ്യാപകമായ നോട്ടീസ് പ്രചാരണം നടത്തുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗ്രീന്‍ ആര്‍മി എന്ന സ്‌ക്വാഡിനെ പ്രത്യേകമായി അവര്‍ ഉണ്ടാക്കി. വി.ഡി.സതീശന് ധാര്‍മികതയുടെ ഒരു അംശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പി.എഫ്.ഐയുടെ വോട്ട് വെണ്ടെന്ന് പറയണമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഈ തിരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന് എന്താണ് കാര്യമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. പോപ്പുലര്‍ ഫ്രണ്ടും ജമാത്തെ ഇസ്ലാമിയും പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ സമീപകാലത്തൊന്നും പരസ്യമായ ബാന്ധവം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെ ഓഫീസ് മുഴുവനും പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളാണ്. സ്ഥാനാര്‍ഥിയോടൊപ്പം, സതീശനോടൊപ്പം, കോണ്‍ഗ്രസിന്റെ വാര്‍ റൂമിലും ഗോദയിലും പിഎഫ്‌ഐക്കാര്‍ നിറഞ്ഞിരുക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാണിച്ച അതേവര്‍ഗീയ തന്ത്രം തന്നെയാണ് എല്‍ഡിഎഫ് ഈ തിരഞ്ഞെടുപ്പിലും കാണിക്കുന്നത്.  അവരോട് മത്സരിക്കുകയായണ് എല്‍ഡിഎഫ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.
 

Content Highlights: K Surendran accuses VD Satheesan aligning with PFI and SDPI for electoral gains