മഹാരാഷ്ട്രയുടെ ജനകീയ ഗവര്‍ണര്‍; നീണ്ട 16 വര്‍ഷം യു.ഡി.എഫ് മുന്നണിയെ നയിച്ച നേതൃപാടവം

2014-മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ ശേഷം കെ.ശങ്കരനാരായണനും ഭാര്യ രാധയും രാജ്ഭവന്റെ പടിയിറങ്ങുമ്പോള്‍ വികാരനിര്‍ഭരമായ യാത്രയപ്പാണ് പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുളള അന്നത്തെ മഹാരാഷ്ട്ര മന്ത്രിസഭ നല്‍കിയത്. മലയാളികളായ ഡോ. പി.വി. ചെറിയാനും പി.സി. അലക്സാണ്ടറും ഗവര്‍ണര്‍മാരായി മുമ്പെ മഹാരാഷ്ട്രയിലെത്തിയിട്ടുണ്ട്. പക്ഷേ, ശങ്കരനാരായാണന്‍ ഗവര്‍ണറായി എത്തിയതിന് ശേഷമാണ് രാജ്ഭവന്റെ വാതില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിട്ടത്. മഹാരാഷ്ട്ര രാജ്ഭവനെ ജനകീയമാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
മറ്റുഗവര്ണര്മാരില് നിന്ന് വ്യത്യസ്തമായി ബഡ്ജറ്ററി അധികാരങ്ങള്‍കൂടി മഹാരാഷ്ട്ര ഗവര്‍ണറില്‍ നിക്ഷിപ്തമായിരുന്നു. തനിക്കും തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും നിര്‍ണായക ഘട്ടങ്ങളില്‍ ശങ്കരനായാണന് തന്ന ബുദ്ധിപരമായ ഉപദേശം വലിയ പ്രയോജനം ചെയ്താതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചവാന് പറഞ്ഞിട്ടുണ്ട്.
ഗവര്‍ണറായിരിക്കുമ്പോള്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഭരണഘടനാ പദവി ദുരുപയോഗം ചെയ്യാന്‍ ഒരിക്കലും കൂട്ടാക്കിയില്ല. മഹാരാഷ്ട്രയിലെ 19 സര്‍വകലാശാലകളുടെ ചാന്‍സലര്‍കൂടിയായിരുന്നു അദ്ദേഹം. ഈ സര്വകലാശലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുത്തത് ജഡ്ജിമാരടങ്ങുന്ന പാനല്‍ വിദഗ്ധ പരിശോധനയും അഭിമുഖവും നടത്തിയാണ്. സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും അത്തരം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ശങ്കരനാരായണന് വിസമ്മതിച്ചു. രാഷ്ട്രീയ നിയമനങ്ങള്‍ അവസാനിപ്പിച്ച് യോഗ്യത മാത്രം മാനദണ്ഡമാക്കിയുള്ള നിയമനങ്ങള്‍ അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാക്കി.
മഹാരാഷ്ട്ര സര്‍ക്കാരുമായി നല്ല നിലയിലുള്ള ബന്ധം നിര്‍ത്തുമ്പോള്‍ തന്നെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ചില മന്ത്രിമാര്‍ക്ക് ശക്തമായ മുന്നറിയിപ്പും നല്‍കിയിരുന്നു. രാജ്ഭവനിലെ അനാവശ്യ ചെലവുകള്‍ നിയന്ത്രിച്ച് പകുതിയാക്കിയതും അദ്ദേഹത്തെ വ്യത്യസ്തനാക്കി.
ഗവര്‍ണര്‍ എന്ന പദവിയുടെ സുഖാലസ്യത്തില്‍ നിന്ന് ആ പദവിയെ മോചിപ്പിക്കുകയും അതിന്റെ ഭരണഘടനാപരമായ ബാധ്യതകള്‍ എന്തൊക്കെയുണ്ടോ അതിന് മറ്റൊരു മാനം നല്‍കുകയും ചെയ്തു ശങ്കരനാരായണന്.
കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ശങ്കരനാരായണന് 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയത്. 2007-അരുണാചല്‍ പ്രദേശിന്റെ ഗവര്‍ണറായി സ്ഥാനമേറ്റു. തുടര്‍ന്ന് ആറ് സംസ്ഥാനങ്ങളിലാണ് അദ്ദേഹം ഗവര്‍ണറായി പ്രവര്‍ത്തിച്ചത്. നാല് വര്‍ഷത്തിലേറെ അധികാരത്തിലിരുന്ന മഹാരാഷ്ട്രയിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം ഗവര്‍ണറായി ഇരുന്നത്.
മോദി എത്തിയതോടെ പടിയിറക്കം
കേന്ദ്രത്തില്‍ ഭരണം മാറിയാല്‍ ആദ്യം തെറിക്കുന്ന തലകള്‍ ഗവര്‍ണര്‍മാരുടേതാണ്. 2014-ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരും അതാവര്‍ത്തിച്ചു. മഹാരാഷ്ട്ര ഗവര്‍ണറായി തുടരുന്നതിനിടെ കെ.ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഗവര്‍ണര്‍ പദവി അവസാനിക്കാന്‍ മൂന്നു വര്‍ഷം ബാക്കി നില്‍ക്കെയായിരുന്നു ഇത്. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ കൂടിയായിരുന്നു അര്‍ധരാത്രിയിലെ ആ സ്ഥലംമാറ്റം
എന്നാല്‍ മിസോറാമിലേക്ക് ശങ്കരനാരായണന് വിമാനം കയറിയില്ല. പുതിയ സ്ഥാനമേറ്റെടുക്കാതെ ഗവര്‍ണര്‍ പദവി രാജിവെച്ചു.
കേരള രാഷ്ട്രീയത്തില്‍
കേരള രാഷ്ട്രീയം തിളച്ചുമറിഞ്ഞ നാളുകളില്‍ ഐക്യജനാധിപത്യ മുന്നണിയുടെ കരുത്തനായ കണ്‍വീനറെന്ന നിലയിലുള്ള ജീവിതമായിരുന്നു ശങ്കരനാരായണന്റേത്. കേരള രാഷ്ട്രീയത്തിലെ ഒട്ടേറെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പാലക്കാട്ടെ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ താഴെത്തട്ടില്‍ നിന്നു തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിലെ സംഭവവികാസങ്ങള്‍ ശങ്കരനാരായണന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'അനുപമം ജീവിതം' എന്ന ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ലീഡര്‍ കെ. കരുണാകരന് തനിക്കു ലഭിക്കേണ്ട സ്ഥാനമാനങ്ങള്‍ വെട്ടിമാറ്റിയെന്ന് അദ്ദേഹം ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു.
1977-1978ല്‍ കെ.കരുണാകരന്, എ.കെ. ആന്റണി മന്ത്രിസഭകളില്‍ കൃഷി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആന്റണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1985 മുതല്‍ 2001 വരെ നീണ്ട പതിനാറ് വര്‍ഷം യു.ഡി.എഫ് കണ്‍വീനറായിരുന്നു.
Content Highlights: k sankaranarayanan popular governor of maharashtra