വലിയ നഷ്ടമെന്ന് ഗവര്‍ണര്‍; രാഷ്ട്രീയ ശത്രുതയില്ലാത്ത നേതാവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.ശങ്കരനാരായണന്റെ മരണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. അദ്ദേഹത്തിന്റ മരണം വലിയ നഷ്ടമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ട്വീറ്റ് ചെയ്തു. ജനനേതാവ്, മന്ത്രി, മൂന്നു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ എന്നീ നിലകളിലെ അദ്ദേഹത്തിന്റെ സേവനത്തില്‍ ഭരണമികവും ദൃഢമായ സാമൂഹിക പ്രതിബദ്ധതയും എന്നും പ്രതിഫലിച്ചിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
കോണ്‍ഗ്രസ്സിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖമായിരുന്നു കെ ശങ്കരനാരായണനെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്വേഷത്തിന്റെയോ മറ്റ് ഏതെങ്കിലും വിഭാഗീയ പരിഗണനയുടെയോ അകമ്പടിയില്ലാതെ പൊതുപ്രശ്നങ്ങളെ നോക്കിക്കാണുകയും നെഹ്റൂവിയന്‍ കാഴ്ചപ്പാട് മതനിരപേക്ഷതയിലടക്കം ഉയര്‍ത്തിപിടിക്കുകയും ചെയ്ത പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്.
ദീര്‍ഘകാലം യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ജനകീയ പ്രശ്നങ്ങളിലും നാടിന്റെ വികസന പ്രശ്നങ്ങളിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അന്ധമായ രാഷ്ട്രീയ ശത്രുതയുടെ സമീപനമല്ല, പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കണം എന്ന വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹം എന്നും മുറുകെപ്പിടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരാനഷ്ടം-വി.ഡി സതീശന്
കെ.ശങ്കരനാരയണന്റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടമാണ്. വ്യക്തിപരമായി ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത്. 16 വര്‍ഷം യു.ഡി.എഫിനെ നയിച്ച നേതാവാണ് അദ്ദേഹം. കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിട്ട ഘട്ടത്തില്‍ പോലും അത്രമേല്‍ അനായാസവും അനുകരണീയവുമായി കെ.ശങ്കരനാരായണന് സാഹചര്യങ്ങളെ നേരിട്ടു.
കെ.കരുണാകരന്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്ന ശങ്കരനാരായണന് മഹാരാഷ്ട്ര ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. പരന്ന വായനയും കക്ഷി രാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധങ്ങളും ശങ്കരനാരായണന് എന്നും കരുത്തായിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
പുതിയ തലമുറയ്ക്ക് മാതൃക-രമേശ് ചെന്നിത്തല
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി പല നിര്‍ണായകഘട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുള്ളപ്പോഴും പാര്‍ട്ടിയില്‍ ശക്തനായി നിലകൊള്ളാന്‍ മുന്‍ ധനമന്ത്രി കൂടിയായ ശങ്കരനാരാണന്‍ കഴിഞ്ഞിട്ടുണ്ട്. ഐക്യ ജനാധിപത്യമുന്നണിയില്‍ എന്തെങ്കിലും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുള്ളപ്പോഴൊക്കെ യു.ഡി.എഫ്. കണ്‍വീനര്‍ എന്ന നിലയില്‍ തന്റെ വ്യക്തിബന്ധവും സൗഹൃദബന്ധവും നയചാതുരിയും ഉപയോഗിച്ച് പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിന് അനായാസം സാധിച്ചിരുന്നു. എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവുമായി മാത്രം കാണപ്പെടാറുള്ള അദ്ദേഹം, പാര്‍ട്ടിയിലെ ഞാനുള്‍ക്കൊള്ളുന്ന പുതിയ തലമുറയുടെ വളര്‍ച്ചയ്ക്ക് പകര്‍ന്നു നല്‍കിയിട്ടുള്ള ഊര്‍ജം ഒട്ടും ചെറുതല്ല. പാര്‍ട്ടിയിലുള്ള അദ്ദേഹത്തിന്റെ അടിയുറച്ച വിശ്വാസവും അര്‍പ്പണബോധവും കഠിനാദ്ധ്വാനവും പുതിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാതൃകയാകേണ്ടതുണ്ട്.
രാഷ്ട്രീയ കേരളത്തിന്
കനത്ത നഷ്ടം- കോടിയേരി
വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവിയും, യു.ഡി.എഫ് കണ്‍വീനര്‍, എംഎല്‍എ എന്നീ നിലകളിലെല്ലാം മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വച്ചത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവ പൊതുപ്രവര്ത്തനത്തന രംഗത്തെത്തിയ ശങ്കരനാരായണന് പാലക്കാട് ഡിസിസി സെക്രട്ടറിയായും പ്രസിഡന്റായും കെ പി സി സി ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. കൃഷി, സാമൂഹ്യ ക്ഷേമ, ധനകാര്യ എക്സൈസ് വകുപ്പുകളുമെല്ലാം വിദഗ്ധമായി കൈകാര്യം ചെയ്തു. പിന്നീട് ആറു സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവിയും സ്തുത്യര്‍ഹമായ രീതിയില്‍ അദ്ദേഹം വഹിച്ചു. സംശുദ്ധമായ പൊതു ജീവിതത്തിനുടമയായ ശങ്കരനാരായണന്റെ വേര്‍പാട് രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടമാണ്.
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവ്-കെ സുധാകരന്
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു കെ.ശങ്കരനാരായണന്. അഭിപ്രായങ്ങള്‍ തന്റേടത്തോടെ ആരുടെ മുന്നിലും തുറന്ന് പറയുന്ന വ്യക്തിത്വത്തിന് ഉടമ. സംഘടനാ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. എല്ലാവരെയും ഒരുപോലെ സ്നേഹിച്ച നേതാവ്. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയ ശൈലിയായിരുന്നില്ല അദ്ദേഹത്തിന്റേത്. കാപട്യത്തിന്റേയും കളങ്കത്തിന്റേയും ചെറിയ കണികപോലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ദര്‍ശിക്കാന്‍ കഴിയില്ല. കെ.ശങ്കരനാരായണന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണ്.
Content Highlights: K Sankara Narayanan Condolence By Arif muhammed khan Pinarayi Vijayan