സിൽവർലൈൻ; ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്ന് തോന്നുന്നു,വേറെ വഴിനോക്കേണ്ടിവരും- മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ/തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്നാണ് തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനർഥം പദ്ധതി ആകെ ഉപേക്ഷിക്കുന്നു എന്നല്ല, വേറെ വഴിനോക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ വികസനത്തിന് അങ്ങേയറ്റം സഹായകമായ ഒന്നായിരുന്നു കെ-റെയിൽ. ഇതിനുവേണ്ട കേന്ദ്രാനുമതി വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, കിട്ടിയില്ല. രാഷ്ട്രീയനിലപാടുകൾ കാരണമാണ് അനുമതി ലഭിക്കാതിരുന്നത് -അദ്ദേഹം പറഞ്ഞു.

പ്രതീക്ഷയില്ലെന്ന് മുഖ്യമന്ത്രിതന്നെ പറയുന്നതോടെ സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ അർധ അതിവേഗ റെയിൽവേ (സിൽവർലൈൻ) നടപ്പാകില്ലെന്നാണ് സൂചന. കേന്ദ്രസർക്കാരുമായി കൂടിയാലോചനനടത്തി സിൽവർലൈൻ നടപ്പാക്കാനുള്ള ശ്രമം തുടരുമെന്ന് കഴിഞ്ഞ രണ്ടു ബജറ്റ് പ്രസംഗങ്ങളിലും മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. സിൽവൽലൈനിന്റെ നടത്തിപ്പുചുമതലയുള്ള കെ-റെയിൽ ഡിവലപ്മെന്റ് കോർപ്പറേഷൻ ആദ്യം സമർപ്പിച്ച ഡിപിആർ കേന്ദ്രം അംഗീകരിക്കാനിടയില്ലെന്നുവന്നതോടെ, മെട്രോമാൻ ഇ. ശ്രീധരൻ മുൻകൈയെടുത്ത് സമാന്തരപാതയ്ക്കുള്ള പദ്ധതി റിപ്പോർട്ടും സർക്കാരിനു തയ്യാറാക്കി നൽകിയിരുന്നു. പക്ഷേ, ഈ പരിശ്രമങ്ങളെല്ലാം പാളി പ്രതീക്ഷയറ്റുനിൽക്കുകയാണ് സർക്കാർ. ഡിപിആർ തള്ളിയതായും റെയിൽവേ മാനദണ്ഡപ്രകാരം പുതുക്കിനൽകാൻ നിർദേശിച്ചതായും കഴിഞ്ഞയാഴ്ചയും റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. സ്റ്റാൻഡേഡ് ഗേജിലാണ് സിൽവർലൈൻ. ബ്രോഡ് ഗേജിലാണ് സാധാരണ റെയിൽപ്പാളം. ഇതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് തടസ്സം.

പ്രതീക്ഷയും പ്രതിഷേധവുംകണ്ട പദ്ധതി

2020 ഏപ്രിൽ 15-നാണ് 63,941 കോടി പദ്ധതിച്ചെലവ് കണക്കാക്കിയുള്ള സിൽവർലൈൻ പാതയുടെ ഡിപിആർ കെ-റെയിൽ ബോർഡ് അംഗീകരിച്ചത്. ജൂണിൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചു. തിരുവനന്തപുരംമുതൽ കാസർകോടുവരെ 530 കിലോമീറ്റർ പാതയിൽ 3.54 മണിക്കൂറിൽ യാത്ര സാധ്യമാക്കലായിരുന്നു ലക്ഷ്യം. 1605 കോടിയുടെ വാർഷികവരുമാനവും ലക്ഷ്യമിട്ടു.

വൈകാതെ, സർക്കാർ 121 ഹെക്ടർ ഏറ്റെടുക്കാനുള്ള നടപടികളിലേക്കു പ്രവേശിച്ചു. 11 ജില്ലകളിൽ പ്രത്യേകം ഓഫീസുകൾ തുറന്നു. പലയിടത്തുമായി 6744 കുറ്റികൾ സ്ഥാപിച്ചു. എന്നാൽ, കേന്ദ്രാനുമതി ലഭിക്കാതെയും സാമൂഹികാഘാത പഠനം നടത്താതെയും സർക്കാർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്കു കടന്നതോടെ പ്രതിഷേധങ്ങൾ ഉയർന്നു. പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലും ശക്തമായി. തുടർന്ന്, 2022 നവംബർ അവസാനത്തോടെ സിൽവർലൈനിൽനിന്നു തത്‌കാലം പിന്മാറാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു.

ഇതിനിടെ, 2023-ൽ കേരളവും കർണാടകവും ഉൾപ്പെട്ട ചർച്ചകൾ നടന്നത് പ്രതീക്ഷയേകി. പാരിസ്ഥിതിക-സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ സന്നദ്ധമാണെന്ന് 2024 നവംബറിൽ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടതും സിൽവർലൈൻ അസ്തമിച്ചിട്ടില്ലെന്നതിന്റെ ലക്ഷണമായി.

കഴിഞ്ഞവർഷം മുഖ്യമന്ത്രിയും റെയിൽവേമന്ത്രിയും നടത്തിയ ചർച്ചകളിലും ശുഭസൂചനകളുണ്ടായി. ഇ. ശ്രീധരൻ സമാന്തരപാതയ്ക്കുള്ള റിപ്പോർട്ട് സമർപ്പിച്ചതും ഈ പശ്ചാത്തലത്തിലായിരുന്നു. എന്നാൽ, ഡിപിആർ തള്ളിയതായും റെയിൽവേ മാനദണ്ഡപ്രകാരം പുതുക്കിനൽകാൻ നിർദേശിച്ചതായും കഴിഞ്ഞയാഴ്ചയും റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. സ്റ്റാൻഡേർഡ് ഗേജിലാണ് സിൽവർലൈൻ. ബ്രോഡ് ഗേജിലാണ് സാധാരണ റെയിൽപ്പാളം. ഇതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് തടസ്സം.

Content Highlights: Kerala's K-Rail Project Faces Uncertain Future: CM Signals Shift in Strategy