'എല്ലാകാര്യത്തിലും ഇടപെട്ടാൽ ഭക്തജനങ്ങൾക്ക് റോളുണ്ടോ?'; ഹൈക്കോടതിക്കെതിരേ രൂക്ഷവിമർശനവുമായി മുരളീധരൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഹൈക്കോടതിക്കെതിരേ അതിരൂക്ഷവിമർശനവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ശബരിമലയിൽ ഏത് പൂവ് ഉപയോഗിക്കണം എന്ന് പറയുന്നതുപോലും ഹൈക്കോടതിയാണ്. എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജനങ്ങൾക്ക് എന്തെങ്കിലും റോളുണ്ടോ? ശബരിമലയിൽ ദേവസ്വത്തിനും സർക്കാരിനും റോളില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അമിതമായ കോടതി ഇടപെടൽ വേണോ എന്ന് ചിന്തിക്കേണ്ട കാര്യമാണെന്നും കെ. മുരളീധരൻ പറഞ്ഞു.
ദേവസ്വത്തിന് നൽകുന്ന ഫണ്ട് ഓഡിറ്റ് ചെയ്യാനുള്ള അധികാരം ഹൈക്കോടതിക്കുണ്ട്. എന്നാൽ, ഗുരുവായൂർ ദേവസ്വത്തിലേക്ക് കമ്മീഷനെ നിയമിക്കാനോ മറ്റു കാര്യങ്ങൾക്കോ ഒന്നും കോടതിക്ക് യഥാർത്ഥത്തിൽ അവകാശമില്ല. ക്ഷേത്രങ്ങളുടെ കാര്യത്തിൽ അമിതമായ കോടതി ഇടപെടൽ വേണോ എന്ന് ചിന്തിക്കേണ്ട സമയമാണിത്. ഇതുസംബന്ധിച്ച ചർച്ച നിയമസഭയിൽ തുടങ്ങിവെച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.
ശബരിമലയിലെ ഹൈക്കോടതി ഇടപെടലുമായി ബന്ധപ്പെട്ട് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും കെ. മുരളീധരൻ വിമർശനമുന്നയിച്ചിരുന്നു. ശബരിമലയുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് ദേവസ്വം ബോർഡുകളോ സർക്കാരോ അല്ലെന്നും കോടതി മുഖാന്തിരമാണെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊതുപരിപാടിയിലും അദ്ദേഹം കോടതിക്കെതിരേ പരസ്യവിമർശനവുമായി രംഗത്തെത്തിയത്.
Content Highlights: K. Muraleedharan questions the extent of High Court intervention in temple rituals., Concerns raised regarding the lack of role for devotees and the government in temple management., Distinction made between audit rights and administrative control over Guruvayur Devaswom., The issue is currently under discussion in the Kerala Legislative Assembly.