കിഫ്ബിയുടെ ആറുമാസ നഷ്ടം 997.19 കോടി; പലിശയടയ്ക്കാനും വായ്പ അടച്ചുതീർക്കാനും വരുമാനം തികയില്ല

#പ്രത്യേക ലേഖകൻ
KIIFB LOGO
KIIFB LOGO

തിരുവനന്തപുരം: കിഫ്ബിക്ക്‌ ഈ സാമ്പത്തികവർഷം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ നഷ്ടം 483.3 കോടി രൂപ. കഴിഞ്ഞ രണ്ടുപാദങ്ങളിലുമായി 997.19 കോടി രൂപയും. കിഫ്ബി ഡയറക്ടർ ബോർഡ് അംഗീകരിച്ച ഓഡിറ്റ് ചെയ്യാത്ത കണക്കാണിത്. വരുമാനമുണ്ടാക്കാത്ത അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് പണം മുടക്കുന്നതും വായ്പകൾക്ക് കൂടുതൽ പലിശ നൽകുന്നതും നഷ്ടം കൂടാൻ കാരണമായി.

8600 കോടിയിലേറെ രൂപ കിഫ്ബി വായ്പയായി എടുത്തിട്ടുണ്ട്. ഇതിന് 8.4 മുതൽ 9.67 ശതമാനമാണ് പലിശ. പലിശയടയ്ക്കാനും വായ്പ അടച്ചുതീർക്കാനും കിഫ്ബിയുടെ സ്വന്തം വരുമാനം പര്യാപ്തമല്ലെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

ആറുമാസത്തിനിടെ കിഫ്ബിക്ക്‌ 2790.86 കോടി രൂപ സർക്കാർ നൽകിയിരുന്നു. കിഫ്ബി നിയമപ്രകാരം സർക്കാർ നൽകുന്നത് വരുമാനമായല്ല, മൂലധനമായാണ് കണക്കാക്കുന്നത്. അതിനാലിത് ലാഭ-നഷ്ട കണക്കിൽ പ്രതിഫലിക്കില്ല.

കഴിഞ്ഞ സർക്കാരിന്റെ അവസാനം നടപ്പാക്കിയ ‘സി.എം. വിത്ത് മി’ പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾക്ക് കിഫ്ബി 338.99 കോടി ചെലവിട്ടെന്നാണ് കണക്ക്. ഇതുകൂടാതെ വായ്പാ തിരിച്ചടവ് വൈകിയതിന് കെ.എസ്.എഫ്.ഡി.സി.യുടെ കീഴിലുള്ള അഞ്ച് പദ്ധതികൾക്കായി നൽകിയ വായ്പ എൻ.പി.എ. ആയി കണക്കാക്കിയതും ഈ പാദത്തിലെ നഷ്ടം കൂടാൻ കാരണമായി.

Content Highlights: Kifb faces a financial loss of 483.3 crore in the second quarter, with infrastructure projects and loan interest contributing to the deficit.