കോടതിയെ അധിക്ഷേപിച്ചത് അതീവ ഗൗരവമുള്ള കാര്യം; കെ. ബിജുവിനെ വിടാതെ ഹൈക്കോടതി, രൂക്ഷവിമർശനം

#ന്യൂസ് ഡെസ്ക്
കെ. ബിജു ഐഎഎസ് | Photo: മാതൃഭൂമി
കെ. ബിജു ഐഎഎസ് | Photo: മാതൃഭൂമി

കൊച്ചി: കശുവണ്ടി അഴിമതി കേസുമായി ബന്ധപ്പെട്ട് വിവാദ ഉത്തരവിറക്കിയ കെ. ബിജു ഐഎഎസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസിൽ കെ. ബിജു സമർപ്പിച്ച രണ്ടാമത്തെ മാപ്പപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. കോടതിയെ അധിക്ഷേപിച്ചത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥൻ സമർപ്പിച്ച മാപ്പപേക്ഷ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി.

17 വർഷത്തെ സർവീസ് പാരമ്പര്യമുള്ള ഒരു ഉദ്യോഗസ്ഥൻ കോടതിയെ അധിക്ഷേപിക്കുന്ന തരത്തിൽ ഉത്തരവിറക്കിയത് ഗൗരവകരമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യപ്രതിയായ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനെ സഹായിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് തയ്യാറാക്കിയതെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഉത്തരവിറക്കുക മാത്രമല്ല, അതിന്റെ പകർപ്പ് പ്രതിക്ക് നൽകുകയും പ്രതി അത് ഉപയോഗിച്ച് വാർത്താസമ്മേളനം നടത്തി കോടതിയെ അധിക്ഷേപിക്കുകയും ചെയ്തു എന്നത് ബോധപൂർവം നടന്ന അലക്ഷ്യമാണെന്ന് കോടതി പറഞ്ഞു. കെ. ബിജുവിനെതിരായ കോടതി അലക്ഷ്യ നടപടികളിൽ വെള്ളിയാഴ്ച കോടതി അന്തിമ തീരുമാനമെടുക്കും.

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉത്തരവ് സിബിഐക്ക് കൈമാറാൻ ഹൈക്കോടതി ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. പ്രതിക്കും പരാതിക്കാരനും ഉത്തരവിന്റെ പകർപ്പുകൾ ലഭിച്ചിട്ടും എന്തുകൊണ്ട് അന്വേഷണ ഏജൻസിയായ സിബിഐക്ക് അത് നൽകിയില്ല എന്ന ചോദ്യം കോടതി ഉന്നയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികളെ സഹായിക്കാനായി കണക്കുകൂട്ടിയുള്ള നീക്കങ്ങളാണ് നടന്നതെന്ന് പരാതിക്കാരനായ കടകംപള്ളി മനോജിന്റെ അഭിഭാഷകൻ വാദിച്ചു.

കേസ് അന്വേഷിച്ച സിബിഐ ഇതുവരെ പ്രോസിക്യൂഷൻ അനുമതിക്കായി കോടതിയെ സമീപിക്കാതിരുന്നതിനെയും ഹൈക്കോടതി ചോദ്യംചെയ്തു. രണ്ടാമത്തെ ഉത്തരവുമായി ബന്ധപ്പെട്ട് സിബിഐ ഉന്നയിച്ച സംശയങ്ങൾ വെള്ളിയാഴ്ച വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു.

Content Highlights: High Court criticizes IAS officer K Biju for issuing controversial orders., Court examines whether to accept the officer's apology for contempt., CBI instructed to investigate prosecution requirements., Allegations of state government protecting the accused., Final decision on contempt proceedings expected this Friday.