'രാഷ്ട്രീയം എന്തുമായിക്കോട്ടെ, മനുഷ്യത്വം കാണാതെപോകരുത്'; ഗവർണർ ആർലേക്കറെ പ്രശംസിച്ച് ജോയ് മാത്യു

കോഴിക്കോട്: കേരളത്തിന്റെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറെ പ്രശംസിച്ച് നടൻ ജോയ് മാത്യു. വഴിയാത്രക്കാരനെ സഹായിക്കാനായി യാത്ര നിർത്തി ഔദ്യോഗിക വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഗവർണറുടെ നടപടി ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യു ഗവർണറെ പ്രകീർത്തിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഉന്നതപദവികളെല്ലാം താത്കാലികമാണെന്ന് അറിയാവുന്നതുകൊണ്ടാണ് ഗവർണർക്ക് മറ്റൊരാളുടെ ദയനീയാവസ്ഥ തിരിച്ചറിയാൻ കഴിഞ്ഞതെന്ന് ജോയ് മാത്യു പറയുന്നു. അതുകൊണ്ടാണ് വഴിപോക്കൻ ബോധരഹിതനായി വീണപ്പോൾ ഔദ്യോഗികവാഹനത്തിൽ നിന്നിറങ്ങി അയാളെ ആശുപത്രിയിലാക്കാൻ ഗവർണർക്ക് മനസുണ്ടായത്. അതിനാൽത്തന്നെ അദ്ദേഹത്തെ 'ബഹുമാനപ്പെട്ട ഗവർണർ' എന്ന് വിളിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
കഴിഞ്ഞദിവസം ഓണാഘോഷ പരിപാടിക്കായി പോകുന്നതിനിടെയാണ് വഴിയാത്രക്കാരനെ സഹായിക്കാനായി ഗവർണർ യാത്രനിർത്തി പുറത്തിറങ്ങിയത്. ലോക്ഭവൻ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് തലകറങ്ങി റോഡിൽ വീണത് ഗവർണറുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തി. ആവശ്യമായ സഹായങ്ങൾ നൽകാനും ഗിരീഷിനെ ആശുപത്രിയിലെത്തിക്കാനും ഗവർണർ തന്റെ സ്റ്റാഫിന് നിർദേശം നൽകി.
ജോയ് മാത്യുവിന്റെ പോസ്റ്റ്
ചില മനുഷ്യത്വങ്ങൾ കാണാതെപോകരുത്.
ഒരാളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ഉന്നത പദവികളെല്ലാം താൽക്കാലികങ്ങൾ ആണെന്ന് അറിവുള്ളവനായത് കൊണ്ടാണ് ഒരാൾക്ക് മറ്റൊരാളുടെ ദയനീയാവസ്ഥ തിരിച്ചറിയാൻ സാധിക്കുന്നത്. അതുകൊണ്ടൊക്കെയാണ്
ഒരു വഴിപോക്കൻ ബോധരഹിതനായി വഴിവക്കിൽ വീണപ്പോൾ
തന്റെ ഔദ്യോഗിക വാഹനത്തിൽ നിന്നുമിറങ്ങി അയാളെ ആശുപത്രിയിലെത്തിക്കാൻ നമ്മുടെ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർക്ക് മനസ്സുണ്ടായത്. അതുകൊണ്ടുതന്നെ 'ബഹുമാനപ്പെട്ട ഗവർണർ' എന്ന് തന്നെ നമ്മുക്ക് അദ്ദേഹത്തെ വിളിക്കാൻ സാധിക്കേണ്ടത്.
Content Highlights: Actor Joy Mathew commended Kerala Governor Rajendra Vishwanath Arlekar on Facebook, stating humanity comes above politics after the Governor stopped his official convoy in Thiruvananthapuram to assist a collapsed pedestrian and ensure medical care.