കാരുണ്യവഴിയിലെ ഇടയന്‍; ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇന്ന് അഭിഷിക്തനാകും

കാതോലിക്കാ സ്ഥാനാരോഹണം നടക്കുന്ന െലബനന്‍ അറ്റ്ച്ചാനെയിലെ സെയ്ന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ കൂദാശയില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയും മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസും.
കാതോലിക്കാ സ്ഥാനാരോഹണം നടക്കുന്ന െലബനന്‍ അറ്റ്ച്ചാനെയിലെ സെയ്ന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ കൂദാശയില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയും മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസും.

കൊച്ചി: വചനിപ്പ് തിരുനാള്‍ ദിനമായ ചൊവ്വാഴ്ച ആകമാന സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാര്‍ക്കും ലോകമൊട്ടുക്കുള്ള വിശ്വാസികള്‍ക്കും പ്രാര്‍ഥനാപുണ്യം. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേല്‍ക്കുന്ന നിമിഷം കാത്തിരിക്കുകയാണ് വിശ്വാസികള്‍.

ബയ്റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലില്‍ വൈകീട്ട് 5-നാണ് (ഇന്ത്യന്‍ സമയം രാത്രി 8.30) ചടങ്ങ്. സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹ കാര്‍മികരാകും. വചനിപ്പ് തിരുനാള്‍ ദിവസമാണ് സ്ഥാനാരോഹണമെന്ന പ്രത്യേകതയുമുണ്ട്. ചൊവ്വാഴ്ച രാവിലെ 9-ന് വചനിപ്പ് തിരുനാളിന്റെ ഭാഗമായി നടക്കുന്ന വി. കുര്‍ബാനയ്ക്ക് പാത്രിയര്‍ക്കീസ് ബാവ മുഖ്യ കാര്‍മികനാകും.

പാത്രിയര്‍ക്കീസ് ബാവയുടെ കീഴില്‍ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്കാ ബാവയാണ് മാര്‍ ഗ്രിഗോറിയോസ്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, സിറിയന്‍ കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, കല്‍ദായ സുറിയാനി സഭ തുടങ്ങി വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും പങ്കെടുക്കും.

മുന്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ബെന്നി ബഹനാന്‍ എം പി, ഷോണ്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന്റെ പ്രതിനിധിസംഘത്തില്‍ എംഎല്‍എമാരായ അനൂപ് ജേക്കബ്, ഇ.ടി. ടൈസണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി.വി. ശ്രീനിജിന്‍ എന്നിവരും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷുമുണ്ട്.

പരുമല തിരുമേനിയുടെ നാലാം തലമുറക്കാരന്‍

മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ ചാത്തുരുത്തിയില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസി (പരുമല കൊച്ചുതിരുമേനി) ന്റെ നാലാം തലമുറക്കാരനാണ്. 1960 നവംബര്‍ 10-ന് പെരുമ്പിള്ളി ശ്രാമ്പിക്കല്‍ പള്ളത്തിട്ടയില്‍ വര്‍ഗീസിന്റെയും സാറാമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. സണ്ണി, ഉമ്മച്ചന്‍, പരേതയായ ശാന്ത എന്നിവര്‍ സഹോദരങ്ങള്‍.

വിദ്യാഭ്യാസം

പെരുമ്പിള്ളി പ്രൈമറി, മുളന്തുരുത്തി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ പഠനശേഷം പെരുമ്പിള്ളി സെയ്ന്റ് ജെയിംസ് തിയോളജിക്കല്‍ സെമിനാരിയില്‍ വൈദിക പഠനം നടത്തി. മഹാരാജാസ് കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 1988-ല്‍ അയര്‍ലന്‍ഡില്‍ സെയ്ന്റ് പാട്രിക് കോളേജില്‍നിന്ന് വേദശാസ്ത്രത്തില്‍ ബിരുദവും 1991-ല്‍ ഡബ്ലിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫിലും അമേരിക്കയില്‍നിന്ന് ക്ലിനിക്കല്‍ പാസ്റ്ററല്‍ ആന്‍ഡ് കൗണ്‍സലിങ്ങില്‍ ഡിപ്ലോമയും നേടി.

ജോസഫ് ശെമ്മാശന്‍

മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലാണ് മാതൃ ഇടവക. 1974 മാര്‍ച്ച് 25 വചനിപ്പ് പെരുന്നാള്‍ ദിവസം മഞ്ഞനിക്കര ദയറായില്‍ െവച്ച് 13-ാം വയസ്സില്‍ കൊച്ചി ഭദ്രാസനത്തിന്റെ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത (പെരുമ്പിള്ളി തിരുമേനി) കോറൂയോ പട്ടം കൊടുത്തു. ശെമ്മാശപ്പട്ടമേറ്റ 23 പേരില്‍ പ്രായത്തില്‍ ഏറ്റവും ഇളയ ആള്‍ ജോസഫ് ശെമ്മാശനായിരുന്നു. 1984 മാര്‍ച്ച് 25-ന് മാര്‍ ബസേലിയോസ് പൗലോസ് രണ്ടാമന്‍ ബാവ കശ്ശീശാ പദവിയിലേക്ക് ഉയര്‍ത്തി. 1984 മുതല്‍ നാലുവര്‍ഷം െബംഗളൂരു സെയ്ന്റ് മേരീസ് പള്ളി വികാരിയായി.

ഉപരിപഠനാര്‍ഥം അമേരിക്കയില്‍ പോയപ്പോള്‍ വിവിധ ദൈവാലയങ്ങളില്‍ ശുശ്രൂഷ നിര്‍വഹിച്ചു. അയര്‍ലന്‍ഡിലെ പഠനകാലത്ത് ലണ്ടനില്‍ പള്ളി സ്ഥാപിച്ച് അഞ്ചുവര്‍ഷം വികാരിയായിരുന്നു.

മെത്രാപ്പോലീത്ത സ്ഥാനം

1994 ജനുവരി 14-ന് പാത്രിയര്‍ക്കീസ് സഖാ പ്രഥമന്‍ ബാവ ഡമാസ്‌കസില്‍ െവച്ച് റമ്പാനായി ഉയര്‍ത്തി. 1994 ജനുവരി 16-ന് 33-ാം വയസ്സില്‍ പാത്രിയര്‍ക്കീസ് സഖാ പ്രഥമന്‍ ബാവ മാര്‍ ഗ്രിഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു. 30 വര്‍ഷമായി കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി അജപാലന ശുശ്രൂഷ ചെയ്തുവരുന്നു. 18 വര്‍ഷം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അങ്കമാലി ഭദ്രാസനത്തില്‍ വിവിധ മേഖലകളുടെയും ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

അഖില മലങ്കര സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ പ്രസിഡന്റ്, മഞ്ഞനിക്കര തീര്‍ഥയാത്രാസംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2019 ഓഗസ്റ്റ് 28-ന് സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി തിരഞ്ഞെടുത്തു. 2024 ഫെബ്രുവരിയില്‍ മലങ്കരയിലെത്തിയ പാത്രിയര്‍ക്കീസ് ബാവ മലങ്കര മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ അനാരോഗ്യത്തെ തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവ ഗ്രിഗോറിയോസിനെ കാതോലിക്കോസ് അസിസ്റ്റന്റാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സഭയുടെ കീഴിലുള്ള വിവിധ കോളേജുകളുടെ മാനേജര്‍, പാത്താമുട്ടത്തുള്ള സെയ്ന്റ് ഗിറ്റ്സ് എന്‍ജിനിയറിങ് കോളേജ് പ്രസിഡന്റ്, എറണാകുളം മരടില്‍ ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂള്‍ സ്ഥാപകന്‍, മാനേജിങ് ഡയറക്ടര്‍, തിരുവാങ്കുളം ജോര്‍ജിയന്‍ അക്കാദമി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ മാനേജര്‍, എരൂര്‍ ജെയ്‌നി സെന്റര്‍ സ്പെഷ്യല്‍ സ്‌കൂള്‍ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിക്കുന്നു.

മലങ്കരയ്ക്ക് അഭിമാനം ആഹ്ലാദം

കൊച്ചി: യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ ശ്രേഷ്ഠ ബാവയെത്തുമ്പോള്‍, ആ പുണ്യനിമിഷത്തിനായി പ്രാര്‍ഥനാപൂര്‍വമുള്ള കാത്തിരിപ്പിലാണ് വിശ്വാസികള്‍.

ആകമാന സുറിയാനി സഭയിലെ ഭരണശ്രേണിയില്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കുശേഷം സഭയില്‍ രണ്ടാം സ്ഥാനീയനാണ് ശ്രേഷ്ഠ കാതോലിക്കയെന്നതിനാല്‍ തന്നെ പദവിയുടെ ഉത്തരവാദിത്വം വലുതാണ്. സഭാ ശുശ്രൂഷയിലും അന്ത്യോക്യ-മലങ്കര ബന്ധം കാത്തുസൂക്ഷിക്കുന്നതിലും അതീവ ശ്രദ്ധപുലര്‍ത്തിയിരുന്ന ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനലബ്ധി സഭയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതല്‍ കരുത്തേകുമെന്ന വിശ്വാസത്തിലാണ് വിശ്വാസികള്‍. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സഭയോട് വിടചൊല്ലിയപ്പോള്‍ അന്ത്യോക്യ സിംഹാസനം കാതോലിക്കയ്ക്കടുത്ത സ്ഥാനം നല്‍കിയത് മാര്‍ ഗ്രിഗോറിയോസിലുള്ള അതിരറ്റ വിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു.

പിന്നിട്ട വഴികളില്‍ സമന്വയത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും മാതൃക സൃഷ്ടിച്ചാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് തന്റെ സഭാജീവിതം മുന്നോട്ടുകൊണ്ടുപോയത്. 31 വര്‍ഷം മെത്രാപ്പോലീത്തയായി സഭയെ സേവിക്കുകയും നയിക്കുകയും ചെയ്തു. തളരാത്ത ആത്മവിശ്വാസത്തിന്റെ ഉടമ കൂടിയാണ് നിയുക്ത കാതോലിക്ക. അത് നേരിട്ടറിഞ്ഞവരാണ് യാക്കോബായ സുറിയാനി സഭയിലെ വിശ്വാസികള്‍. 18 വര്‍ഷം സുന്നഹദോസ് സെക്രട്ടറിയായും പരിചയമുണ്ട്.

വിശ്വാസപോരാട്ട ജീവിതത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ മാര്‍ ഗ്രിഗോറിയോസ് നേരിടേണ്ടി വന്നിട്ടുണ്ട്. അവയൊക്കെ സമചിത്തതയോടെയും സംയമനത്തോടെയും നേരിട്ടുവെന്നത് നിയുക്ത കാതോലിക്കയുടെ പ്രത്യേകതയാണ്. പ്രതിസന്ധികള്‍ ഏറെയാണെങ്കിലും സഭയ്ക്ക് ഏറെ സന്തോഷവും ആശ്വാസകരവുമാണ് പുതിയ സ്ഥാനാഭിഷേകം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സഭയില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങള്‍ എത്തിച്ചേരുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.

കൊച്ചി ഭദ്രാസനത്തിന്റെ ചുമതല 1994-ല്‍ ഏറ്റെടുത്തതു മുതല്‍ വൈദികശ്രേഷ്ഠര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, ഭക്തസംഘടനകളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍, കുടുംബ യൂണിറ്റുകളുടെ രൂപവത്കരണം, പുതിയ ഭദ്രാസന ആസ്ഥാന നിര്‍മാണം, കത്തീഡ്രല്‍ ദൈവാലയത്തിന്റെ പുനര്‍നിര്‍മാണം തുടങ്ങിയ അനേകം കാര്യങ്ങള്‍ ഭദ്രാസനത്തിനായി ചെയ്യുകയുണ്ടായി.

പ്രതിസന്ധികളുടെ നാളുകളില്‍ സഭയുടെ അടിസ്ഥാനം ബലപ്പെടുത്തുന്നതോടൊപ്പം പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കുകയും വേണം. കാലംചെയ്ത ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ദീര്‍ഘവീക്ഷണത്തോടെ വിഭാവനം ചെയ്ത പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകണം.

പുണ്യനിമിഷത്തിന് സാക്ഷികളാകാന്‍ സഹോദരങ്ങള്‍....

മുളന്തുരുത്തി: ശ്രേഷ്ഠ ബാവയായി അനുജന്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ അതിന് സാക്ഷികളാകാന്‍ സഹോദരങ്ങള്‍ ലെബനനിലുണ്ട്. ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സഹോദരങ്ങളായ പെരുമ്പിള്ളി ശ്രാമ്പിക്കല്‍ പള്ളത്തിട്ടയില്‍ ഉമ്മച്ചന്‍, സണ്ണി എന്നിവരും ഇവരുടെ മക്കളുമാണ് നേരത്തേ ബയ്‌റുത്തിലെത്തിയത്. സഹോദരി ശാന്താകുര്യാക്കോസ് നേരത്തേ മരിച്ചു. മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രല്‍ ഇടവകക്കാരനായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി യാക്കോബായ സഭയുടെ അധ്യക്ഷനാകുമ്പോള്‍ മുളന്തുരുത്തിയിലെ ജനങ്ങള്‍ക്കെല്ലാം അഭിമാന നിമിഷമാണ്.

തികഞ്ഞ ദൈവവിശ്വാസികളായ മാതാപിതാക്കളുടെ പ്രാര്‍ഥനയും സഹോദരങ്ങളുടെ പ്രോത്സാഹനവും തിരുമേനിയെ ദൈവവേലയ്ക്കായി നിയോഗിച്ചുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. പെരുമ്പിള്ളി സെയ്ന്റ് ജെയിംസ് തിയോളജിക്കല്‍ സെമിനാരിയിലായിരുന്നു വൈദിക പഠനം. അന്ന് കൂടെയുണ്ടായിരുന്ന 23 പേര്‍ക്ക് ശെമ്മാശപ്പട്ടം കിട്ടുമ്പോള്‍ അതില്‍ ഏറ്റവും ഇളയതായിരുന്നു തിരുമേനി. അക്കാലത്ത് മുളന്തുരുത്തി ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ശെമ്മാശപ്പട്ടം കിട്ടിയതോടെ പുരോഹിതന്റെ കുപ്പായവുമിട്ട് സ്‌കൂളിലേക്ക് അഭിമാനത്തോടെ വരുന്ന തിരുമേനിയെ അന്ന് സ്‌കൂളില്‍ പഠിച്ചിരുന്ന മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രല്‍ സെക്രട്ടറി സി.എം. ജോയി ഇന്നുമോര്‍ക്കുന്നുണ്ട്.

പരുമല തിരുമേനിയുടെ കുടുംബത്തില്‍നിന്ന് അദ്ദേഹത്തിന്റെ നാലാം തലമുറക്കാരനായി യാക്കോബായ സഭയുടെ അധ്യക്ഷനാകുമ്പോഴും ജോസഫ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി മുളന്തുരുത്തിയെ പ്രത്യേകമായി മനസ്സില്‍ കരുതിയിരുന്നുവെന്നത് ഇവിടത്തുകാരുടെ അനുഭവമാണ്.

സ്ഥാനാരോഹണ ശുശ്രൂഷ 30-ന്

കോലഞ്ചേരി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി വാഴിക്കല്‍ ചടങ്ങുകള്‍ കഴിഞ്ഞെത്തുന്ന ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ വരവേല്‍ക്കാന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഒരുക്കങ്ങള്‍ തുടങ്ങി. മാര്‍ച്ച് 25-ന് ലെബനനില്‍ നടക്കുന്ന വാഴിക്കല്‍ ചടങ്ങുകള്‍ക്കുശേഷം 30-ന് ഉച്ചകഴിഞ്ഞ് 2.15-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന നവാഭിഷിക്ത കാതോലിക്കാ ബാവയെ സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കബറിടത്തില്‍ ആദ്യം പ്രാര്‍ഥന നടത്തി അനുഗ്രഹം തേടും. തുടര്‍ന്ന് നാലുമണിയോടെ, പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി കേരളത്തിലെത്തുന്ന ബയ്റുത്തിന്റെ ആര്‍ച്ച് ബിഷപ്പ് മാര്‍ ഡാനിയേല്‍ ക്ലിമീസ് മെത്രാപ്പോലീത്തയുടെയും ഹോംസ് ആര്‍ച്ച് ബിഷപ്പ് മാര്‍ തീമോത്തിയോസ് റത്താ അല്‍ഖുറിയുടെയും പ്രധാന കാര്‍മികത്വത്തിലും സഭയിലെ മെത്രാപ്പോലീത്തമാരുടെയും സഹകാര്‍മികത്വത്തിലും സ്ഥാനാരോഹണ സുന്ത്രോണീസോ ശുശ്രൂഷ നടക്കും. വൈകീട്ട് 5-ന് ബസേലിയോസ് തോമസ് പ്രഥമന്‍ നഗറില്‍ നടക്കുന്ന അനുമോദന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ഇരുപതിനായിരം പേര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനുള്ള സജ്ജീകരണങ്ങളാണ് പാത്രിയര്‍ക്കാ സെന്ററര്‍ മൈതാനിയില്‍ ഒരുക്കുന്നതെന്ന് സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ദീപാലങ്കാരങ്ങള്‍ തെളിയും. ബുധനാഴ്ചയോടുകൂടി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് സഭാ മാനേജിങ് കമ്മിറ്റി അംഗം മോന്‍സി വാവച്ചന്‍, തോമസ് കന്നഡിയില്‍, ഫാ. ബെസ്സി ജോണ്‍ എന്നിവര്‍ പറഞ്ഞു.

പുത്തന്‍കുരിശ് ജങ്ഷനില്‍ 30-ന് ഉച്ചയ്ക്ക് 1 മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. വാഹനങ്ങള്‍ കാവുംതാഴം മൈതാനം, പള്ളി ഗ്രൗണ്ട്, എം.എം.എം., ബി.ടി.സി. സ്‌കൂള്‍ മൈതാനങ്ങള്‍, എം.ജെ.എസ്.എസ്.എ. ഗ്രൗണ്ട്, കത്തോലിക്കാ പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിലായിരിക്കും പാര്‍ക്ക് ചെയ്യേണ്ടത്. ചടങ്ങിനെത്തുന്നവര്‍ക്ക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

കാരുണ്യവഴിയിലെ ഇടയന്‍....

കൊച്ചി: 10 വര്‍ഷംകൊണ്ട് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് നിര്‍മിച്ചു നല്‍കിയത് 76-ലധികം വീടുകളാണ്. അദ്ദേഹം ആരംഭിച്ച താബോര്‍ ഹൈറ്റ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും മെട്രോപ്പോലീത്തന്‍ പുവര്‍ റിലീഫിന്റെയും നേതൃത്വത്തിലാണ് സാധുജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. 1995-ല്‍ കേരള ഹൗസിങ് ബോര്‍ഡുമായി സഹകരിച്ച് മുളന്തുരുത്തി വെട്ടിക്കലുള്ള പട്ടികജാതി കോളനി ഏറ്റെടുത്ത് എല്ലാവര്‍ക്കും വീടും മറ്റു സൗകര്യങ്ങളും നിര്‍മിച്ചു നല്‍കി. 2014-ല്‍ ആരംഭിച്ച വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി നിര്‍മിച്ചു നല്‍കുന്ന സുരക്ഷിത ഭവനപദ്ധതി പ്രകാരം കാരിക്കോട് ഫ്‌ലാറ്റ് മാതൃകയില്‍ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കി. കൊച്ചി ഭദ്രാസനാടി സ്ഥാനത്തില്‍ സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. ഈ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ തുടര്‍ന്നിരുന്നു.

വിദ്യാഭ്യാസ സഹായങ്ങള്‍ വിവിധ മേഖലകളില്‍ നല്‍കുന്നതോടൊപ്പം നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് നഴ്‌സിങ് സ്‌കോളര്‍ഷിപ്പും നല്‍കിവരുന്നു. അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം, മുളന്തുരുത്തി ഗവ. ആശുപത്രിയില്‍ എല്ലാ ദിവസവും രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും അത്താഴ ഭക്ഷണം എന്നിവ വര്‍ഷങ്ങളായി സൗജന്യമായി കൊടുത്തുവരുന്നു.

ഗ്രിഗോറിയോസിന്റെ 20-ാം മെത്രാഭിഷേക വാര്‍ഷികത്തോടനുബന്ധിച്ച് 20 യുവതികളുടെ വിവാഹം സൗജന്യമായി നടത്തി. 25-ാം മെത്രാഭിഷേക വാര്‍ഷികത്തോടനുബന്ധിച്ച് 20 യുവതികളുടെ വിവാഹം കൂടി നടത്തി. മുളന്തുരുത്തി ഗവ. ആശുപത്രിയോടു ചേര്‍ന്ന് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ സൗജന്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗജന്യ പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമായി മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ എരൂരില്‍ ജെയ്നി സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രളയ-കോവിഡ് കാലങ്ങളില്‍ സര്‍ക്കാരുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് മരണങ്ങളില്‍ മൃതസംസ്‌കാരത്തിനുമായി ഭദ്രാസനത്തിലെ യുവജനങ്ങളുടെ സന്നദ്ധസേനയ്ക്കും മാര്‍ ഗ്രിഗോറിയോസ് രൂപം നല്‍കിയിരുന്നു.
 

Content Highlights: joseph mar gregorios new catholicos ordination today