ജോസ് തെറ്റയില്‍ പ്രതിയായിരുന്ന കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിയുടെ വീട്ടുമുറ്റത്ത് ബഹളംവെച്ചു

കോട്ടയം: മുന്‍മന്ത്രി ജോസ് തെറ്റയില്‍ പ്രതിയായിരുന്ന കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിയുടെ വീട്ടുമുറ്റത്ത് ബഹളംവെച്ചു. തനിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്.
ഞായറാഴ്ച രാവിലെ 9.30-നായിരുന്നു സംഭവം. ഉമ്മന്‍ചാണ്ടി വീട്ടുമുറ്റത്ത് ജനങ്ങളെ കണ്ടുകൊണ്ടിരിക്കെയാണ് ഇവര്‍ വന്നത്. തന്റെ ആവശ്യങ്ങള്‍ ഇവര്‍ ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. അദ്ദേഹം മറുപടിയും നല്‍കി. തുടര്‍ന്ന് ഇവര്‍ മുറ്റത്ത് മാറിനിന്നു. ഉമ്മന്‍ചാണ്ടി, തന്നെ കാണാനെത്തിയ എല്ലാവരെയും കണ്ടശേഷം 11 മണിയോടെ മടങ്ങി.
ഇതിനിടെ ഇവര്‍ മുറ്റത്തുനിന്ന് ബഹളംവെയ്ക്കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ നേരത്തെ ധാരണയുണ്ടായിരുന്നെന്നും അത് ഉമ്മന്‍ചാണ്ടിക്ക് അറിയാമെന്നും അവര്‍ ആരോപിച്ചു. മടങ്ങാതെ അവിടെനിന്നതോടെ പ്രവര്‍ത്തകര്‍ പോലീസിനെ വിവരം അറിയിച്ചു. പിങ്ക് പോലീസെത്തി അവരെ കാറില്‍ കോട്ടയത്ത് എത്തിച്ച് നാട്ടിലേക്ക് മടക്കി അയച്ചു.
Content Highlights: jose thettayil case complainant creates scene in front of oommen chandy's home