കേരളത്തെ ഞെട്ടിച്ച സയനൈഡ് കൊലപാതക കേസ്; ജയിലിൽ പഠനം, ഹിസ്റ്ററിയിൽ ബിരുദമെടുക്കാനൊരുങ്ങി ജോളി ജോസഫ്

ജോളി ജോസഫ്
ജോളി ജോസഫ്

കണ്ണൂർ: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ചരിത്രത്തിൽ ബിരുദം നേടാനുള്ള പരിശ്രമത്തിൽ. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ബി.എ. ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. രണ്ടാംവർഷ വിദ്യാർഥിയാണിപ്പോൾ. എട്ട് പേപ്പറുകളിൽ ഇനി ഒരുപരീക്ഷ മാത്രമാണ് ബാക്കിയുള്ളത്. അവസാന പേപ്പറിലും ഉയർന്ന മാർക്ക് വാങ്ങാൻ ജയിലിൽ കഠിന പ്രയത്‌നത്തിലാണവർ. ഒന്നാംവർഷ പരീക്ഷയിൽ എല്ലാപേപ്പറും ജയിച്ചിട്ടുണ്ട്.

സെൻട്രൽ ജയിലിലെ മറ്റൊരു തടവുകാരനും ബി.എ. ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്. 35 തടവുകാർ തുല്യതാപരീക്ഷയും എഴുതുന്നുണ്ട്. തടവുശിക്ഷ കൊണ്ടുദ്ദേശിക്കുന്ന പരിവർത്തനത്തിന് വിദ്യാഭ്യാസം അത്യാവശ്യമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കൂടുതൽ അന്തേവാസികൾ ഉപരിപഠനം നടത്തുന്നുണ്ട്. കോഴിക്കോട് സബ് ജയിലിൽ വിചാരണത്തടവിൽ കഴിയുന്ന ജോളിയെ ബിരുദപരീക്ഷയ്ക്കായി കഴിഞ്ഞാഴ്ചയാണ് പ്രത്യേക സുരക്ഷയിൽ കണ്ണൂർ വനിതാജയിലിലെത്തിച്ചത്. പരീക്ഷ അവസാനിക്കുന്നതുവരെ വനിതാ ജയിലിൽ ജോളി തുടരും. വിഷാദരോഗം ബാധിച്ചിരുന്നതിനാൽ ഇവർക്ക് കൗൺസലിങ്ങും നൽകുന്നുണ്ട്.

അധ്യാപകരും പുസ്തകവും സൗജന്യം

തടവുകാർക്ക് വിദ്യാർഥിയാകാൻ ഒരുരൂപപോലും ആവശ്യമില്ല. സന്നദ്ധതമാത്രം മതി. ബിരുദാനന്തരബിരുദം ചെയ്യുന്നവർക്ക് അസൈൻമെന്റിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രത്യേക സമയങ്ങളിൽ ജയിൽ വാർഡന്മാരുടെ സാന്നിധ്യത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്. സൂപ്രണ്ട് കെ.വേണു, വെൽഫെയർ ഓഫീസർ േഗ്രഡ് വൺ കെ.രാജേഷ് കുമാർ, പേഴ്സണാലിറ്റി ഡിവലപ്മെന്റ് ടീച്ചർ എം.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷാനടത്തിപ്പ്.

കുടുംബാംഗങ്ങളായ ആറുപേരെ കൊലപ്പെടുത്തിയ കേസ്

2002 മുതൽ 2016 വരെയുള്ള കാലയളവിൽ കോഴിക്കോട് കൂടത്തായിയിലെ കുടുംബാംഗങ്ങളായ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജോസഫ് വിചരണത്തടവുകാരിയായി ജയിലിലെത്തിയത്.

പ്രീഡിഗ്രി മാത്രമുള്ള ജോളി എൻ.ഐ.ടി. പ്രൊഫസറായി വേഷംകെട്ടിയതും സയനൈഡ് ഉപയോഗിച്ച് ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു.

2019 ഒക്ടോബർ അഞ്ചിനാണ് അറസ്റ്റിലായത്.

Content Highlights: Jolly Joseph is currently a second-year BA History student at IGNOU., She is writing her final paper while being held at Kannur Women's Jail., Prisoners in Kerala are encouraged to pursue higher education following High Court directives., Jolly is receiving counseling for depression alongside her studies., The jail provides free books, teachers, and internet access for assignments.