‘പിഎം ശ്രീയില്‍ കേന്ദ്രത്തേയും കേരള സര്‍ക്കാരിനേയും ബന്ധിപ്പിച്ചത് ജോണ്‍ ബ്രിട്ടാസ്’,നന്ദി പറഞ്ഞ് ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: പിഎം-ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും ഇടയില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഈ വിഷയത്തില്‍ ബ്രിട്ടാസിന്റെ പങ്കിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.രാജ്യസഭയിലായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍ ഇങ്ങനെ പറഞ്ഞത്.
പിഎം-ശ്രീ പദ്ധതിയില്‍ കേരളം പൂര്‍ണ്ണമായ ധാരണയോടെയാണ് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടതെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തിപരമായി കണ്ട് പദ്ധതിയില്‍ ചേരാനുള്ള കേരളത്തിന്റെ സന്നദ്ധത അറിയിച്ചിരുന്നതായും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. 'അതിന് ശേഷം എന്തു സംഭവിച്ചുവെന്ന് എനിക്കറിയില്ല,' ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറഞ്ഞു, കേരള സര്‍ക്കാരിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് പദ്ധതി സ്തംഭിക്കാന്‍ കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
'ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള നിബന്ധനകള്‍ക്ക് വിധേയമായി മുഴുവന്‍ പണവും ലഭ്യമാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, ഇത് നടപ്പിലാക്കാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ടായിരുന്നു. നിങ്ങള്‍ക്ക് ആഭ്യന്തര സമ്മര്‍ദ്ദങ്ങളും സഖ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുമുണ്ടാകാം, പക്ഷേ എന്തുകൊണ്ടാണ് നിങ്ങള്‍ കേരളത്തിലെ ജനങ്ങളിലേക്ക് അതിന്റെ ഭാരം അടിച്ചേല്‍പ്പിക്കുന്നത്. നിങ്ങള്‍ സ്വയം പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ പണം എടുക്കുക' ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കുന്നത് ശരിയല്ലെന്നും, ഇത്തരം കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലുള്ളതാണെന്നും, അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ബ്രിട്ടാസ് പിന്നീട് പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി, ശിവന്‍കുട്ടിക്കൊപ്പം ചില സമയങ്ങളിൽ താന്‍ കൂട്ടുപോയിട്ടുണ്ട്, അത്രമാത്രമാണ്, മറ്റൊരും ഇടനിലയും നിന്നിട്ടില്ല. മന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കരുതെന്നും ബ്രിട്ടാസ് പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് ഇടനില നിന്നുവെന്ന ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഎമ്മിനെതിരെ യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി.
Content Highlights: Union Minister Dharmendra Pradhan lauded MP John Brittas for bridging the gap between Centre & Kerala on the PM-SHRI scheme