മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ.
കേരള പ്രസ് അക്കാദമിയിൽ നിന്നു ജേണലിസം പഠനം പൂർത്തിയാക്കിയ ജിജോ പിന്നാലെ മനോരമയിൽ ചേരുകയായിരുന്നു. 2015-ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020-ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.
പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയിൽ ‘സർവശിക്ഷ കേരള’ത്തിൽ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കൾ: അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ.