ജിദ്ദയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോഴേ വലിയ ശബ്ദം കേട്ടിരുന്നു, ജീവൻ തിരികെ കിട്ടിയത് മഹാഭാഗ്യം

കൊച്ചി: ''രാത്രി വിമാനം ജിദ്ദയിൽനിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോഴേ ഞങ്ങൾ വലിയൊരു ശബ്ദം കേട്ടിരുന്നു. എന്നാൽ, അത് ടയർ പൊട്ടിയതാണെന്ന് അപ്പോൾ മനസ്സിലായിരുന്നില്ല. ഇവിടെ വന്നിറങ്ങിയ ശേഷമാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്. ജീവൻ തിരികെ കിട്ടിയത് മഹാഭാഗ്യം...'' കൊച്ചി വിമാനത്താവളത്തിലെ റൺവേയിൽനിന്ന് പുറത്തേക്ക് വന്നവരിൽ പലരും പറഞ്ഞത് ഇതേ വാചകമായിരുന്നു. തലനാരിഴയ്ക്ക് വലിയൊരു ദുരന്തം വഴിമാറിപ്പോയതിന്റെ ആശ്വാസത്തിൽ നിൽക്കുമ്പോഴും, ആ സംഭവത്തിന്റെ ഗൗരവം എത്രയാണെന്ന് അറിഞ്ഞവരെല്ലാം ഞെട്ടലിൽ തന്നെയായിരുന്നു.
കൊണ്ടോട്ടി സ്വദേശി ശിഹാബും ഭാര്യ ഉമൈബയും രണ്ട് മക്കളോടൊപ്പമാണ് ആശങ്കയുടെ ആകാശം താണ്ടി കൊച്ചിയുടെ മണ്ണിൽ ആശ്വാസത്തോടെ പറന്നിറങ്ങിയത്.
''സൗദിയിലേക്ക് വന്നിരുന്ന കുടുംബത്തെ നാട്ടിൽ തിരികെ കൊണ്ടുവരുന്ന യാത്രയായിരുന്നു ഇത്. 30,000 രൂപയോളമായിരുന്നു വിമാന ടിക്കറ്റിന്റെ നിരക്ക്. ഞങ്ങൾ നാലാൾക്കുംകൂടി ഒരു ലക്ഷത്തിലേറെ രൂപ മുടക്കിയാണ് ഇങ്ങോട്ടേക്ക് പോന്നത്. എന്നാൽ, കോഴിക്കോട്ട് ഇറങ്ങേണ്ടിയിരുന്ന വിമാനം കൊച്ചിയിൽ ഇറക്കിയ ശേഷം ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. നല്ല ഭക്ഷണംപോലും കിട്ടാതെ കുട്ടികളും വിഷമിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദുരിതയാത്രയായിരുന്നു ഇത്'' - ശിഹാബ് പറഞ്ഞു.
സൗദിയിൽതന്നെ വിമാനം ഇറക്കിയിരുന്നെങ്കിൽ ഇത്രയും ദുരിതങ്ങൾ സഹിക്കേണ്ടിവരുമായിരുന്നില്ലെന്നാണ് ജിദ്ദയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നൗഷാദ് പറഞ്ഞത്. ''യാത്ര മുടങ്ങിയാലോ അസൗകര്യം നേരിട്ടാലോ സൗദിയിലാണെങ്കിൽ റീഫണ്ടിന്റെ കാര്യത്തിൽ പേടിക്കേണ്ടതില്ല. എന്നാൽ, ഇവിടെ ഞങ്ങൾക്ക് ഇത്രയും അസൗകര്യങ്ങൾ നേരിട്ടിട്ടും റീഫണ്ടിന്റെ കാര്യത്തിൽ അധികൃതർ പറയുന്നത് ഇ-മെയിൽ അയക്കാനാണ്. അതുകൊണ്ടൊന്നും കാര്യമുണ്ടെന്നു തോന്നുന്നില്ല'' - നൗഷാദ് പറഞ്ഞു.
കൊച്ചിയിൽ ലാൻഡിങ് നടത്തിയ ശേഷം യാത്രക്കാരെ കോഴിക്കോട്ടേക്ക് ബസിൽ കൊണ്ടുപോകുന്നതിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മലപ്പുറം വൈലത്തൂർ സ്വദേശികളായ സബാനിയയും സുമയ്യയും അധികൃതരോട് പരാതി പറഞ്ഞത്. ''ഞങ്ങളുടെ ലഗേജൊക്കെ ബസിൽ വയ്ക്കാതെ അതിൽ കയറിയിരിക്കാൻ പറഞ്ഞാൽ ശരിയാകുമോ.
ഇന്നലെ രാത്രിമുതൽ ഉറക്കമില്ലാതെ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഇവിടെയെത്തിയത്. ഇനി ബസിൽ ഇവിടെനിന്ന് കോഴിക്കോട്ടെക്കെത്താൻ മണിക്കൂറുകൾ എടുക്കും. അവിടെയെത്തിയാൽ തന്നെ ഞങ്ങളുടെ ലഗേജ് ഒപ്പമെത്തുമെന്ന് എന്താണുറപ്പ്'' - അവർ ചോദിച്ചു.
Content Highlights: Passengers from a Jeddah flight recount the terrifying sound during takeoff, narrowly escaping a disaster. Arriving safely in Kochi, they express relief and share their harrowing journey.