ജെഡിഎസ് കേരളഘടകം പുതിയ പാർട്ടിയാകും, ജനതാദൾ എസ് എന്ന പേര് ഉപേക്ഷിക്കും

മാത്യൂ ടി. തോമസ്,  മന്ത്രി കെ.കൃഷ്ണൻകുട്ടി
മാത്യൂ ടി. തോമസ്, മന്ത്രി കെ.കൃഷ്ണൻകുട്ടി

തിരുവനന്തപുരം: എൻഡിഎ ഘടകകക്ഷിയായ ജെഡിഎസുമായുള്ള ബന്ധം വേർപ്പെടുത്തി പുതിയ പാർട്ടി രൂപവത്ക്കരിക്കുമെന്ന് കേരള ഘടകം. ഒരു രൂപത്തിലും ബിജെപിയോടൊപ്പംനിന്ന് പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ ഘടകമായി കേരളത്തിലെ ഘടകം അറിയപ്പെടാൻ ഇഷ്ടപ്പെടുന്നില്ലെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാ​ഗമായി തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി. തോമസ് എംഎൽഎ പറഞ്ഞു. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിൽ ഒരുപക്ഷെ ഒരു പാർട്ടിയെന്ന് കാണുന്നതൊഴിച്ചാൽ വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് എടുത്തുകൊണ്ടാണ് കേരളത്തിലെ ഘടകം കഴിഞ്ഞ കുറേ നാളുകളായി പ്രവർത്തിക്കുന്നതെന്നും എന്നാൽ സാങ്കേതികമായ ഈ അപാകത പരിഹരിക്കപ്പെടേണ്ടതാണെന്ന് സംസ്ഥാന ഭാരവാഹിയോ​ഗം തീരുമാനിച്ചതായും  അദ്ദേഹം വ്യക്തമാക്കി.  

'നിലവിലുള്ള ജനപ്രതിനിധികൾക്ക് അവരെ തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് യാതൊരു തടസ്സവും ഉണ്ടാകാത്ത രീതിയിലുള്ള നടപടികളിലേക്ക് നീങ്ങുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വാഭാവികമായും ജനതാദൾ എസ് എന്ന പേര് കേരളത്തിലെ പാര്‍ട്ടിക്ക്‌ ഉപേക്ഷിക്കേണ്ടിവരും. പേര് ഉപേക്ഷിച്ചുകൊണ്ട് ഒരു പുതിയ പാർട്ടി റജിസ്റ്റർ ചെയ്യാൻ ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ പുതിയ പാർട്ടിയിലേക്ക് കേരള ഘടകം ലയിക്കാനാണ് ആലോചന. ഇതിന് നിയമപരമായ കാര്യങ്ങൾകൂടി പരിശോധിക്കണം. ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാൽ അതിലേക്ക് ലയിക്കും', മാത്യൂ ടി. തോമസ് കൂട്ടിച്ചേർത്തു.

ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസാമി എൽഡിഎ സർക്കാരിന്റെ ഭാ​ഗമായതോടെയാണ് ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന കേരളഘടകം കേന്ദ്രനേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനമെടുത്തത്. ഒരേസമയം, കേന്ദ്രത്തിൽ ബിജെപിക്കൊപ്പവും കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും ജെഡിഎസ് തുടരുന്നതിനെ കോൺ​ഗ്രസും ആർജെഡിയും വിമർശിച്ചിരുന്നു. വിഷയത്തിൽ ജെഡിഎസ് ഉടൻ തീരുമാനമെടുക്കണമെന്ന് സിപിഎം നിർദേശിക്കുകയും ചെയ്തിരുന്നു. 

Content Highlights: JDS Kerala unit will be a new party