‘ജവാൻ’ ഉദ്പാദനം നിലച്ചിട്ട് ഒരാഴ്ച; അറിഞ്ഞില്ലെന്ന് ബെവ്കോ സിഎംഡി; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

പത്തനംതിട്ട: ജനപ്രിയ മദ്യ ബ്രാൻഡ് ആയ ‘ജവാൻ’ ഉദ്പാദനം മുടങ്ങിയതിൽ അന്വേഷണം പ്രഖ്യാപിച്ച് എക്സൈസ് മന്ത്രി എം. ലിജു. ഉദ്പാദനം കുറഞ്ഞുവരികയും പിന്നീട് പൂർണമായും നിൽക്കുകയും ചെയ്തതിൽ അസ്വാഭാവികത ഉണ്ടെന്ന സംശയം ഉയർന്നതോടെയാണ് വിഷയത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ കുറച്ചു കാലമായി ജവാൻ റമ്മിന്റെ ഉത്പാദനം കുറഞ്ഞുവരികയും ബെവ്കോ ഔട്ട്ലെറ്റുകളിൽ ജവാൻ റം കിട്ടാത്ത സാഹചര്യവും ഉണ്ടായിരുന്നു. ജൂൺ 12-ാം തീയതി മുതൽ ഉത്പാദനം പൂർണമായും നിർത്തി. ഇത് വാർത്തയായതിനെ തുടർന്ന് മന്ത്രി വിളിച്ച യോഗത്തിൽ ബെവ്കോയും ട്രാവൻകൂർ ഷുഗേഴ്സും പരസ്പരം പഴിചാരുകയും ചെയ്തിരുന്നു.
ബെൽറ്റ് തകരാറായതിനെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി പ്ലാന്റ് ഒരാഴ്ചയായി നിർത്തിവെച്ചിരിക്കുകയാണെന്നാണ് ട്രാവൻകൂർ ഷുഗേഴ്സ് പറയുന്നത്. കൂടാതെ കുപ്പി നൽകിയിരുന്ന കമ്പനി പെട്ടെന്ന് വിലകൂട്ടണമെന്ന ആവശ്യം ഉന്നയിച്ചതും പ്രതിസന്ധി രക്ഷമാക്കിയതായാണ് വിശദീകരണം. എന്നാൽ, ഇക്കാര്യങ്ങൾ ഒന്നുംതന്നെ താൻ അറിഞ്ഞില്ലെന്നാണ് ബെവ്കോ സിഎംഡി എം.ആർ. അജിത് കുമാർ പറയുന്നത്. എന്നാൽ, എല്ലാം എം.ആർ. അജിത് കുമാറിനെ അറിയിച്ചുവെന്ന് ട്രാവൻകൂർ ഷുഗേഴ്സും പറയുന്നു. മന്ത്രി വിളിച്ച യോഗത്തിലാണ് വാക്കുതർക്കമുണ്ടായത്.
ഒരുലിറ്റർ കുപ്പിക്ക് ഒന്നിന് 6.5 രൂപയും അടപ്പിന് 52 പൈസയുമാണ് നിലവിൽ കരാർ പ്രകാരം നൽകേണ്ടത്. എന്നാൽ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വിലവർധനവ് ഉണ്ടായത് ചൂണ്ടിക്കാട്ടി കരാർ കമ്പനി നിരക്ക് വർധനവ് ആവശ്യപ്പെടുകയായിരുന്നു. കുപ്പി നൽകുന്നതിന് ഈ വർഷം സെപ്റ്റംബർ വരെയും അടപ്പിന് അടുത്തവർഷം ഏപ്രിൽവരെയുമാണ് കരാർ വെച്ചിരിക്കുന്നത്.
സർക്കാൻ സ്ഥാപനമായതിനാൽ നേരത്തെ ഒപ്പിട്ട കരാറിന് വിരുദ്ധമായി പണം വർധിപ്പിച്ചുനൽകാൻ കഴിയില്ലെന്ന നിലപാട് മാനേജുമെന്റ് സ്വീകരിച്ചു. ഇതോടെ കുപ്പിയുടെയും അടപ്പിന്റെയും വിതരണം നിലച്ചുവെന്നാണ് പറയുന്നത്. കരാർ കമ്പനിയ്‌ക്കെതിരേ നടപടി സ്വീകരിക്കുന്നതിനും മറ്റിടങ്ങളിൽനിന്ന് കുപ്പിയും അടപ്പും വാങ്ങുന്നതിന് അനുമതി നൽകുന്നതിനും സർക്കാരിനെ മാനേജ്മെന്റ് സമീപിച്ചതായാണ് വിവരം. അനുമതിലഭിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചുവേണം കുപ്പിയെത്തിക്കാൻ. അഞ്ചുദിവസമെങ്കിലും ഇതിന് വേണ്ടിവരും. അങ്ങനെയെങ്കിൽ അടുത്തയാഴ്ചയോടെ വീണ്ടും ഉത്പാദിപ്പിച്ചുതുടങ്ങും.
ഒരുലിറ്റർ ജവാൻ റമ്മിന് 640 രൂപയാണ് വില. ദിവസം 90,000 ലിറ്റർ മദ്യമാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. 5.76 കോടി രൂപയുടെ കച്ചവടമാണ് പ്രതിദിനം നടക്കുന്നത്. ഏഴുദിവസത്തെ നഷ്ടം 40.32 കോടി രൂപവരും. 56 സ്ഥിരം തൊഴിലാളികളും 150 താത്കാലിക തൊഴിലാളികളും ഇവിടെയുണ്ട്.
Content Highlights: Jawan Rum production suspended for 7 days due to bottle supply disputes., Minister orders a high-level investigation into the management conflict., Conflict between Bevco and Travancore Sugars regarding contract terms and price hikes., Daily loss estimated at 5.76 crore rupees, totaling over 40 crore so far., Production expected to resume next week pending new tender processes.