മലപ്പുറം വണ്ടൂരിൽ ഹോട്ടലിൽനിന്ന് മഞ്ഞപ്പിത്തബാധ; ഒരാൾ മരിച്ചു, നൂറിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ മരിച്ച സത്താർ
പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ മരിച്ച സത്താർ

മലപ്പുറം: വണ്ടൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയിൽ ഹോം അപ്ലയൻസസ് ഉടമ പെവുന്തറ സ്വദേശി അച്ചിപ്ര സത്താറാണ് (45) മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സത്താറിന്റെ മരണം സ്ഥിരീകരിച്ചത്.

വണ്ടൂർ-മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനംതുടങ്ങിയ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട്‌ചെയ്തത്. വണ്ടൂരിൽ രോഗബാധിതരുടെ എണ്ണം ചൊവ്വാഴ്ചയോടെ 100 കടന്നു. തിങ്കളാഴ്ച വണ്ടൂരിൽ മാത്രം 40 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കാളികാവ്, ചോക്കാട്, പോരൂർ, തിരുവാലി തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരിൽ മഞ്ഞപ്പിത്തം റിപ്പോർട്ട്‌ചെയ്തിട്ടുണ്ട്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കാനായി ദൂരസ്ഥലങ്ങളിൽനിന്നെത്തിയവരുടെ വിവരങ്ങൾ പൂർണമായി ശേഖരിക്കാനായിട്ടില്ല. സെപ്റ്റംബർ ഒന്നിനും 18-നും ഇടയിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും ഭക്ഷണം കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങൾ ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗബാധിതപ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

പരേതനായ അച്ചിപ്ര ഹംസയാണ് സത്താറിന്റെ പിതാവ്. മാതാവ്: നബീസ. ഭാര്യ: റംസീന. മക്കൾ: ഫാത്തിമ്മ റഷ, മുഹമ്മദ് റസൽ, ആയിഷ റിന. കബറടക്കം ബുധനാഴ്ച രാവിലെ ഒൻപതിന് കാളികാവ് ജുമാമസ്ജിദ് കബറിസ്താനിൽ.

പ്രതിരോധപ്രവർത്തനം ശക്തമാക്കി

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുമ്പോൾ പ്രതിരോധം ശക്തമാക്കാനൊരുങ്ങി തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും. കഴിഞ്ഞദിവസങ്ങളിലായി വണ്ടൂർ ബ്ലോക്കിലെ ആറു പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നൂറായി. ഇതിലൊരാൾ മരിച്ചതോടെ മേഖലയിലുള്ളവരിൽ ആശങ്കയുയർന്നിരുന്നു. ഇതോടെയാണ് പ്രദേശത്തെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.

വണ്ടൂർ പഞ്ചായത്തിലാണ് കൂടുതൽ രോഗബാധ റിപ്പോർട്ട്‌ചെയ്തത്. 55 കേസുകളാണ് സ്ഥിരീകരിച്ചത്. പോരൂരിൽ 15, തിരുവാലിയിൽ 14, കാളികാവിൽ ഒൻപത്, തൃക്കലങ്ങോട് അഞ്ച്, മമ്പാട് ഒന്ന് എന്നിങ്ങനെയും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. നിലവിൽ 15 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. സ്ഥിതി ഗുരുതരമായതോടെ വണ്ടൂർ ബ്ലോക്കിനു കീഴിലുള്ള എട്ടു പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും സംയുക്ത യോഗം വണ്ടൂരിൽ ചേർന്നു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത യോഗം ഉദ്ഘാടനംചെയ്തു.

രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ ഹെൽത്ത് സ്‌ക്വാഡുകൾ രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്തുകളിലെ മുഴുവൻ കടകളിലും ഹോട്ടലുകളിലും പരിശോധന ആരംഭിച്ചു. വീടുകളിലെല്ലാം ക്ലോറിനേഷൻ ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കും. ഇതിനായി ബ്ലോക്കിലെ മുഴുവൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും നിയോഗിച്ചു. വീടുകളിലെ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് ആശ പ്രവർത്തകരുടെയും കുടുംബശ്രീ അംഗങ്ങളുടെയും ക്ലബ് പ്രവർത്തകരുടേയും സേവനം പ്രയോജനപ്പെടുത്തും.

വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. ഷംസുദ്ദീൻ, എൻ.പി. മുഹമ്മദ്, കെ.കെ. പുഷ്പവല്ലി, ഷമീന കാഞ്ഞിരാല, സുമ താരിയൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഉമ്മർ പള്ളിയാളി, വിവിധ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: A 45-year-old merchant from Kalikavu died and over 100 people tested positive for jaundice in Malappuram after consuming food from a hotel in Wandoor, prompting health authorities to close the eatery and step up preventive measures.