'അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ജീവനോടെ കാണില്ലായിരുന്നു';സുനിലിന്റെ നിർബന്ധം രക്ഷയായി

ഭീകരാക്രമണം നടന്ന ജമ്മു-കശ്മീരിലെ പഹൽഗാമിൽനിന്ന് ബൈസരൺവാലിയിലേക്ക് കുതിരപ്പുറത്ത് പോകുന്ന കെ.ബി.സുനിൽകുമാറും ഭാര്യ ആര്യയും ആര്യയുടെ ചേച്ചി ധന്യയും അവരുടെ ബന്ധുക്കളായ മായയും നിഷയും
ഭീകരാക്രമണം നടന്ന ജമ്മു-കശ്മീരിലെ പഹൽഗാമിൽനിന്ന് ബൈസരൺവാലിയിലേക്ക് കുതിരപ്പുറത്ത് പോകുന്ന കെ.ബി.സുനിൽകുമാറും ഭാര്യ ആര്യയും ആര്യയുടെ ചേച്ചി ധന്യയും അവരുടെ ബന്ധുക്കളായ മായയും നിഷയും

വൈക്കം: ‘‘അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഇന്ന് ജീവനോടെ കാണില്ലായിരുന്നു. സൈനിക വാഹനങ്ങളുടെയും ആംബുലൻസുകളുടെ വരവും പോക്കും എല്ലാം ഇന്നും ഒരു സിനിമപോലെ കണ്ണിൽനിന്നും മായുന്നില്ല’’- വൈക്കം തോട്ടകം കാട്ടുതറയിൽ കെ.ബി. സുനിൽകുമാർ പറഞ്ഞു.

ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽനിന്ന് ഭാഗ്യംകൊണ്ടാണ് സുനിലും സംഘവും രക്ഷപ്പെട്ടത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന സുനിലും ഭാര്യ ആര്യയും കഴിഞ്ഞ 19-നാണ് ജമ്മു-കശ്മീരിലേക്ക് യാത്രതിരിച്ചത്. ഒപ്പം ആര്യയുടെ ചേച്ചി ധന്യയും അവരുടെ ബന്ധുക്കളായ കൊച്ചി സ്വദേശികൾ മായയും നിഷയും ഉണ്ടായിരുന്നു.

സ്ത്രീകളുടെ യാത്രാസംഘത്തിലേക്ക് സുനിലും എത്തിച്ചേരുകയായിരുന്നു. ശ്രീനഗറിൽ എത്തിയ സംഘം 20-ന് രാവിലെ ഗുൽമർഗിലേക്ക് പോയി. അവിടത്തെ കാഴ്ചകൾകണ്ട് തിരികെ വീണ്ടും ശ്രീനഗറിൽ എത്തി. 21-നാണ് സംഘം പഹൽഗാമിലെത്തിയത്. മിനി സ്വിറ്റ്‌സർലൻഡ് എന്നറിയപ്പെടുന്ന ബൈസരൺവാലിയിൽ കുതിരപ്പുറത്തേറി എത്തി. അവിടെ ഒരു വലിയ ഗേറ്റുണ്ട്. അതിനപ്പുറത്തേക്ക് കുതിര പോകില്ല. നടന്നുവേണം പോകാൻ. അതിസുന്ദരമായിരുന്നു ബൈസരൺവാലി. അന്ന് വൈകീട്ട് വരെ അവിടെ കാഴ്ച കണ്ടു നടന്നു. തുടർന്ന് പഹൽഗാമിലെ ഹോട്ടലിൽ താമസിച്ചു.

ഭീകരാക്രമണം നടന്ന 22-ന് ബൈസരൺവാലിയിൽ പോകാനായിരുന്നു സംഘം തീരുമാനിച്ചിരുന്നത്. സുനിലിന്റെ നിർബന്ധം കാരണമാണ് 21-ന് ഇങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചത്. പിറ്റേന്ന് രാവിലെ സംഘം പഹൽഗാമിലെ എബിസി വാലിയിൽ എത്തി.

തിരികെ ഉച്ചകഴിഞ്ഞ് 2.30-ഓടെയാണ് പഹൽഗാമിലെത്തിയത്. ആ സമയം മുകളിൽ എന്തോ പ്രശ്‌നം ഉണ്ടായതായി വിവരം അറിഞ്ഞു. നോക്കുമ്പോൾ സൈന്യം ഇരച്ചുകയറി എത്തുന്നതും ആംബുലൻസുകൾ പായുന്നതും ആളുകൾ ഓടുന്നതുമാണ് കണ്ടത്. പെട്ടെന്ന് ടാക്‌സി ഡ്രൈവർ മുനീർഭായ് ഓടിയെത്തി. ആക്രമണം നടന്നെന്നു പറഞ്ഞു. വേഗം ഹോട്ടലിലേക്ക് പോകാനും. തുടർന്ന് സൈന്യം എത്തി ഹോട്ടലിൽനിന്നും മടങ്ങാൻ ആവശ്യപ്പെട്ടു. ശ്രീനഗറിലെത്തിയപ്പോഴാണ് ആക്രമണത്തിന്റെ വ്യാപ്തി മനസ്സിലായത്. തലേദിവസം ഫോട്ടോ എടുത്തും റീൽസ് എടുത്തും കറങ്ങിനടന്ന സ്ഥലത്ത് മൃതദേഹങ്ങൾ കിടക്കുന്നതും കസേരകൾ ചിതറിക്കിടക്കുന്ന കാഴ്ച അതിഭയനാകമായിരുന്നുവെന്ന് സുനിൽ. 24-ന് രാവിലെയാണ് ശ്രീനഗറിൽനിന്ന് സുനിലിനും സംഘത്തിനും മടങ്ങാനായത്.

Content Highlights: Narrow Escape from Jammu & Kashmir Terror Attack