ചില ക്ഷേത്രങ്ങളിലെ ശാഖാ പ്രവർത്തനം തടയാൻ സർക്കാരിനല്ല ആർക്കും കഴിയില്ലെന്ന് ആർ.എസ്.എസ്

ആലുവ: ചുരുക്കം ചില ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ആർ.എസ്.എസ്. ശാഖാ പ്രവർത്തനം സർക്കാരിനല്ല ആർക്കും തടയാൻ കഴിയില്ലെന്ന് ആർ.എസ്.എസ്. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാർ പറഞ്ഞു. ആലുവ ഗ്രാമീണ ജില്ലയുടെ ആർ.എസ്.എസ്. പഥസഞ്ചലനത്തിനു ശേഷം നടന്ന പൊതുപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളിൽ നടക്കുന്ന ശാഖാ പ്രവർത്തനം ഭൂരിപക്ഷവും നടക്കുന്നത് സ്വകാര്യ ക്ഷേത്രങ്ങളിലാണ്. സർക്കാർ നിയന്ത്രിക്കുന്ന ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അല്ല. ആർ.എസ്.എസിനെ സ്വീകരിക്കാൻ തയ്യാറാവുന്ന ഇടങ്ങളിലെ ക്ഷേത്രങ്ങളിലും സ്വകാര്യ ക്ഷേത്രങ്ങളിലുമാണ് ശാഖയുടെ പ്രവർത്തനം. ഇതിൽ കൂടുതൽ ശാഖാ പ്രവർത്തനം നടക്കുന്നത് തുറന്ന മൈതാനത്തുവെച്ചാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധാരണകൊണ്ടാണ് ആർ.എസ്.എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാഖകളുടെ പ്രവർത്തനം നിരോധിച്ചത് - അദ്ദേഹം പറഞ്ഞു.
സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ. റസൽ ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് അഡ്വ. സുന്ദരം ഗോവിന്ദ്, എ.കെ. ഷാജി എന്നിവർ സംസാരിച്ചു.
ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്.എസ്.എസിൽനിന്നും ആലുവ മണപ്പുറത്തു നിന്നുമാണ് പഥസഞ്ചലനം ആരംഭിച്ചത്. ആലുവ ബൈപ്പാസിൽ വെച്ച് ഒത്തുചേർന്ന് തിരികെ വിദ്യാധിരാജ വിദ്യാഭവനിൽ സമാപിച്ചു. നിരവധി പേർ പങ്കെടുത്തു.
Content Highlights: j nanda kumar rss activities in devaswom board temples can't be stopped