ഇന്ത്യസഖ്യത്തിൽ അവഗണന, അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് നേതാക്കൾ; ലീഗിൽ അസ്വസ്ഥത

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: ഇന്ത്യസഖ്യം നടത്തുന്ന പ്രക്ഷോഭങ്ങളിൽ സജീവപങ്കാളിത്തം വഹിച്ചിട്ടും അവഗണനനേരിടുന്നുവെന്ന അസ്വസ്ഥത ഇന്ത്യൻ യുണിയൻ മുസ്‌ലിം ലീഗിൽ ഉയരുന്നു. സഖ്യത്തിന്റെ പലവേദികളിലും പാർലമെന്റിൽ ലീഗിനെക്കാൾ അംഗബലം കുറഞ്ഞ പാർട്ടികളുടെ നേതാക്കൾക്ക് അവസരം ലഭിക്കുമ്പോൾ ലീഗിന് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ ഇന്ത്യസഖ്യ പ്രക്ഷോഭങ്ങളിൽ ലീഗിന്റെ അണികൾ, പ്രത്യേകിച്ച് വിദ്യാർഥിസംഘടനാ പ്രവർത്തകർ സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നിട്ടും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നാണ് പരാതി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് എത്തേണ്ട നേതാക്കളുടെ കാര്യത്തിൽ രാഷ്ട്രപതിഭവൻ ചില നിയന്ത്രണങ്ങൾ മുന്നോട്ടുവെച്ചിരുന്നു.

സഖ്യത്തിലെ ചർച്ചകൾക്കുശേഷം ലീഗ് പ്രതിനിധിയായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യെ 11-ാമതായി ഉൾപ്പെടുത്തി. സംഘത്തോടൊപ്പം ഇ.ടി. രാഷ്ട്രപതിഭവൻവരെ എത്തി. പക്ഷേ, പത്തുപേർക്കേ സന്ദർശനാനുമതിയുള്ളൂ എന്നതിനാൽ അദ്ദേഹത്തിന് തിരിച്ചുപോരേണ്ടിവന്നു. ഇതിൽ ലീഗ് നേതാക്കൾക്ക് വിഷമമുണ്ട്. ലോക്‌സഭയിൽ മൂന്ന് അംഗങ്ങളും രാജ്യസഭയിൽ രണ്ട് അംഗങ്ങളുമുള്ള പാർട്ടിയാണ് ലീഗ്. ലോക്‌സഭയിൽ ഒരംഗം മാത്രമുള്ള തമിഴ്‌നാട്ടിലെ വിടുതലൈ ചിരുതൈകൾ കക്ഷി നേതാവിന് രാഷ്ട്രപതിയെ കാണാൻ അവസരം ലഭിച്ചു.

ഗ്യാനേഷ് കുമാറിന്റെ പബ്ലിക് ഇംപീച്ച്‌മെന്റിന് ജാമിയ മിലിയ സർവകലാശാലയിൽ പ്രക്ഷോഭം നടത്തിയിരുന്ന വിദ്യാർഥികളെയും ക്ഷണിച്ചിരുന്നു. ആ സമരത്തിൽ എം.എസ്.എഫും സജീവമായിരുന്നു. വെൽഫയർ പാർട്ടിയുടെ വിദ്യാർഥിവിഭാഗമായ ഫ്രറ്റേണിറ്റിയിലെ വിദ്യാർഥികളെ ക്ഷണിച്ചിട്ടും എം.എസ്.എഫ്. പ്രതിനിധികളെ ഇംപീച്ച്‌മെന്റ് പ്രതിഷേധത്തിലേക്ക് ക്ഷണിച്ചില്ലെന്ന് ലീഗ് നേതാക്കൾ പറയുന്നു. ഞായറാഴ്ച രാംലീല മൈതാനിയിൽനടന്ന ഇന്ത്യസഖ്യ റാലിയിൽ പങ്കെടുത്ത ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇതിൽ മാനസികപ്രയാസമുണ്ടെങ്കിലും പരസ്യപ്രതികരണമില്ലെന്ന് നേതാക്കൾ പറഞ്ഞു.

Content Highlights: IUML leaders feel sidelined despite active participation in INDIA bloc protests., Concerns raised over smaller parties getting more prominence in parliament and alliance platforms., ET Mohammed Basheer was denied entry to meet the President due to delegation limits., PK Kunhalikutty was not given a chance to speak at the Ramlila Maidan rally.