ആരോഗ്യ ഇൻഷുറൻസ് ക്ലെയിം: സുതാര്യത ഉറപ്പാക്കാൻ ശ്രമം; കേരളത്തിന് നേട്ടമാകും

#എം.കെ. രാജശേഖരൻ
പ്രതീകാത്മക ചിത്രം.|Photo credit: MBI
പ്രതീകാത്മക ചിത്രം.|Photo credit: MBI

ആലപ്പുഴ: ആരോഗ്യ ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കൽ സുതാര്യവും വേഗത്തിലുമാക്കുന്നതിന് നടപടിയുമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ.

ആശുപത്രി പ്രവേശനം മുതൽ ഡിസ്ചാർജ് പൂർത്തിയാക്കി മുഴുവൻ തുകയും ലഭിക്കുന്നതുവരെയുള്ള ഓരോ ഘട്ടവും ഉപഭോക്താക്കൾക്ക് തത്സമയം നിരീക്ഷിക്കുന്നതിനുള്ള സംവിധാനമേർപ്പെടുത്തും. ക്ലെയിം തീർപ്പാക്കൽ, പരാതിപരിഹാരം എന്നിവയിൽ ഏകീകൃത മാനദണ്ഡം നടപ്പാക്കുകയെന്നതാണു രണ്ടാമത്തെ നടപടി.

ക്ലെയിമുകൾ നിരസിക്കപ്പെടുന്നതിനു കാരണം രേഖപ്പെടുത്താൻ പൊതുസംവിധാനം ആവിഷ്കരിക്കും. ആരോഗ്യപരിരക്ഷയുണ്ടെങ്കിലും കൈയിൽനിന്ന് ഏറെ പണം മുടക്കേണ്ടിവരുന്ന സാഹചര്യത്തിൽ ആളുകൾക്കിതു നേട്ടമാകും.

2024-25 സാമ്പത്തികവർഷം രാജ്യത്താകെ 94,248 കോടി രൂപയുടെ 3.26 കോടി ക്ലെയിമാണു തീർപ്പാക്കിയത്. എട്ടുശതമാനത്തോളം ക്ലെയിം നിരസിച്ചു. 1.37 ലക്ഷത്തിലധികം പരാതിയുണ്ടായി.

കമ്പനികൾ അവകാശപ്പെടുന്ന ക്ലെയിം സെറ്റിൽമെന്റ് അനുപാതത്തിനു പകരം ഉപഭോക്താവ് ആവശ്യപ്പെട്ട മുഴുവൻ തുകയും ലഭിക്കുന്നുണ്ടോയെന്നതിനാണ് ഇനി മുൻഗണന. ദേശീയ ആരോഗ്യദൗത്യവുമായി ചേർന്ന് ഉപഭോക്തൃ സർവേ നടത്താനും പദ്ധതിയുണ്ട്. എല്ലാ പോളിസികൾക്കും ഏകീകൃത തിരിച്ചറിയൽ രേഖയായി ആയുഷ്മാൻ ഭാരത് തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാനും നീക്കമുണ്ട്.

ദേശീയ ശരാശരിയുടെ മൂന്നിരട്ടിയോളം രോഗാവസ്ഥാനിരക്കും (39.7 ശതമാനം) ഉയർന്ന സ്വകാര്യ ആശുപത്രിവാസ നിരക്കുമുള്ള കേരളത്തിന് ഈ നീക്കങ്ങൾ ഏറെ നിർണായകമാണ്. ഡിസ്ചാർജ് ചെയ്യുമ്പോഴുള്ള കാലവിളംബവും മുഴുവൻ ചികിത്സാത്തുക ലഭിക്കാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ദേശീയ സാംപിൾ സർവേ പ്രകാരം രാജ്യത്തേറ്റവും ഉയർന്ന ആശുപത്രിവാസനിരക്കുള്ള കേരളത്തിൽ പുതിയ സംവിധാനങ്ങൾ വലിയ മാറ്റമുണ്ടാക്കുമെന്നാണു വിലയിരുത്തൽ.

Content Highlights: Real-time tracking of health insurance claims from admission to discharge., Unified standards for claim settlement and grievance redressal., Public system to state reasons for claim rejections., Priority given to full claim amount received rather than settlement ratio., Ayushman Bharat ID as a universal identity card for all policies.