ഇ.പിയുടെ ആത്മകഥാ വിവാദം: അന്വേഷണം പൂര്‍ത്തിയായി, കേസില്‍ ഒരു പ്രതി, എന്തിന് ചോർത്തി എന്നത് ദുരൂഹം

കോട്ടയം: ഇ.പി ജയരാജനുമായി ബന്ധപ്പെട്ട പുസ്തക വിവാദത്തില്‍ കേസന്വേഷണം പൂർത്തിയായതോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്. കേസില്‍ ഡി.സി. ബുക്‌സ് മുന്‍ എഡിറ്റര്‍ എ.വി ശ്രീകുമാര്‍ മാത്രമാണ് പ്രതി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കോട്ടയം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. സാങ്കേതിക നടപടികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. വരും ദിവസങ്ങളില്‍ തന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
ഡി.സി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയായിട്ടുള്ള എ.വി ശ്രീകുമാറാണ് കേസിലെ ഏക പ്രതി. ശ്രീകുമാര്‍ എന്തിന് പുസ്തകം ചോര്‍ത്തി ആരാണ് അതിന് നിര്‍ദേശം നല്‍കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ശ്രീകുമാറിന് ഒറ്റക്ക് ഇത് ചെയ്യാന്‍ സാധിക്കില്ലെന്നും കൃത്യമായ ഗൂഡാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പോലീസിന് നേരത്തെ ലഭിച്ചിരുന്ന നിര്‍ദേശം.
എന്തിനാണ് തിരഞ്ഞെടുപ്പ് ദിവസം തന്നെ പുസ്തകം ചോര്‍ത്തിയത് എന്നതിന് ഉള്‍പ്പടെയുള്ള കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. തന്നെ ഈ കേസില്‍ ബലിയാടാക്കിയതാണ് എന്നാണ് ശ്രീകുമാര്‍ നല്‍കിയ മൊഴി. ഏല്‍പ്പിക്കപ്പെട്ട ജോലി മാത്രമാണ് താന്‍ ചെയ്തതെന്നും തനിക്ക് മറ്റ് ലക്ഷ്യങ്ങളില്ലെന്നും ശ്രീകുമാര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി പോലീസ് ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നാണ് വിവരം. കുറ്റപത്രം വരുന്നതോടെ ഇക്കാര്യത്തിലെല്ലാം തീരുമാനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: investigation completed in ep jayarajan book controversy