ജയിൽ തടവുകാരുടെ നീക്കം നിരീക്ഷിക്കും; ഫയലിലൊതുങ്ങി ഡിജിറ്റൽ ലോക്ക് വാച്ച് ശുപാർശ

#പി.പി.ലിബീഷ്‌ കുമാർ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം വൻ വിവാദം സൃഷ്ടിച്ചിരിക്കെ ജയിലിലും പുറത്തും തടവുകാരുടെ നീക്കം നിരീക്ഷിക്കാനുള്ള ഡിജിറ്റൽ ലോക്ക് വാച്ച് ശുപാർശ ഫയലിൽ.

തുടക്കമെന്നോണം കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ 2022-ൽ ആവിഷ്കരിച്ച പദ്ധതിയാണിത്. തടവുകാരൻ ജയിൽ ചാടിയാലും മുങ്ങിയാലും അവരുടെ കൈയിൽ ധരിപ്പിച്ച സ്മാർട്ട് വാച്ച് അറിയിക്കും. കൊടുംകുറ്റവാളികൾക്ക് ഘടിപ്പിക്കാനുദ്ദേശിച്ചാണിത് ആവിഷ്കരിച്ചത്.

സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു വിഭാവനം ചെയ്തത്. അന്നത്തെ കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ടി.കെ.ജനാർദനൻ നിർദേശം ഡിഐജിക്ക് സമർപ്പിച്ചു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.കെ.ഷിനോജായിരുന്നു ആശയത്തിനു പിന്നിൽ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി പ്രൊജക്ട് പഠനം നടത്തി.

പാലക്കാട് കിൻഫ്ര പാർക്കിലെ ഒരു സ്റ്റാർട്ടപ്പ് സംരംഭം സാങ്കേതികസഹായം നൽകി. വിഷയം ജയിൽ ആസ്ഥാന കാര്യാലയത്തിലെ സാങ്കേതികവിഭാഗം ചർച്ചചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ ഡിഐജി എം.കെ.വിനോദ്കുമാർ ആഭ്യന്തരവകുപ്പിന് പദ്ധതിനിർദേശം സമർപ്പിച്ചു. പദ്ധതിയുടെ ട്രയൽ റണ്ണിങ് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ നടത്താൻ അനുമതി തേടി. ചെലവ് കുറഞ്ഞ പദ്ധതിയായിട്ടും മൂന്നുവർഷമായി ശുപാർശ പക്ഷേ അനങ്ങിയില്ല.

Content Highlights: instruction to implement digital lock watch not done yet