കേരളം ആഗോളവ്യവസായ ഹബ്ബാകും, പോർട്ടുകളും പാർക്കുകളും അടിമുടിമാറും; പട്ടികജാതി-വർഗ വികസനത്തിനും ഊന്നൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം നടത്തി ഗവർണർ രാജേന്ദ്ര അർലേകർ. കേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്നും പോർട്ടുകളും പാർക്കുകളും അടിമുടി മാറ്റുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. പട്ടികജാതി-വർഗ്ഗ വികസനത്തിന് ഊന്നൽ നൽകുമെന്നും ആധുനിക സാങ്കേതിക വിദ്യയും ഭൂമിയും വീടും ഉറപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ സർക്കാർ വ്യക്തമാക്കി.
കേരളത്തെ നിർമ്മാണ മേഖലയുടെയും ലോജിസ്റ്റിക്സിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി പോർട്ടുകൾ കേന്ദ്രീകരിച്ചുള്ള വികസനവും ഇൻഡസ്ട്രിയൽ പാർക്കുകളുടെ വിപുലീകരണവും ലക്ഷ്യമിടുന്നതായി നയപ്രഖ്യാപനത്തിൽ പറയുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ഗ്രീൻ എനർജി, സ്‌പേസ് ടെക്‌നോളജി തുടങ്ങി വളർന്നുവരുന്ന മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകുന്നതോടൊപ്പം പാരമ്പര്യ വ്യവസായങ്ങളായ കയർ, കൈത്തറി, പ്ലാന്റേഷൻ എന്നിവയെ സംരക്ഷിക്കാനും ഡിജിറ്റൽ ഏകജാലക സംവിധാനങ്ങളിലൂടെ നിക്ഷേപകർക്ക് വേഗത്തിലുള്ള അനുമതികൾ ഉറപ്പാക്കാനും സർക്കാർ പദ്ധതിയിടുന്നു.
സംസ്ഥാനത്തെ ഐടിഐകളെ (ITI) അത്യാധുനിക 'ഹബ് ആൻഡ് സ്‌പോക്ക്' മോഡലിൽ നവീകരിക്കാനും ട്രെയിനികൾക്ക് ഉൽപ്പാദന കേന്ദ്രങ്ങൾ വഴി തൊഴിൽ നൈപുണ്യം നൽകാനും കുടിയേറ്റ തൊഴിലാളികൾക്കായി ഏകീകൃത പോർട്ടൽ വഴി രജിസ്‌ട്രേഷൻ ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കും. കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ സാമ്പത്തികമായി ശാക്തീകരിച്ചുകൊണ്ട് ജനകീയ ഭരണ സംവിധാനത്തിലൂടെ വികസനം ഓരോ പൗരനിലേക്കും എത്തിക്കുമെന്നും സർക്കാർ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നു.
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഐടിഐകളും മറ്റ് പരിശീലന കേന്ദ്രങ്ങളും അത്യാധുനിക ലാബുകളും സ്മാർട്ട് ക്ലാസ്‌റൂമുകളും സഹിതം നവീകരിച്ച് പട്ടികജാതി വിഭാഗങ്ങളിലെ യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ കാലത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലൂടെ സംരംഭകരാകാൻ വലിയ അവസരമൊരുക്കും.
ഗോത്രവർഗക്കാരുടെ ഭൂമിക്കായുള്ള അവകാശം അന്തസ്സോടെ ജീവിക്കാനുള്ള അടിസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, വനാവകാശ നിയമം കർശനമായി നടപ്പിലാക്കാനും ഭൂമി കൈയേറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനും സമയബന്ധിതമായ മിഷൻ ആരംഭിക്കുമെന്നും സർക്കാർ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി.
കൂടാതെ, ലൈഫ് മിഷന് കീഴിലെ വീടുകൾ നവീകരിക്കുന്നതിനൊപ്പം ഉന്നതവിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും പിഎസ്സി, യുപിഎസ്സി തുടങ്ങിയ മത്സരപരീക്ഷകൾക്കായി പ്രത്യേക പരിശീലനവും സംരംഭകർക്ക് ലോൺ സഹായങ്ങളും ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
Content Highlights: Transformation of Kerala into a global industrial and logistics hub. Modernization of ports and expansion of industrial parks. Focus on emerging sectors like AI, Biotech, and Green Energy. Revolutionary empowerment programs for SC/ST communities. Strict implementation of Forest Rights Act and housing support.