അറബിക്കടലിൽ സാഹസിക ദൗത്യം; ക്രൂഡ് ഓയിൽ ടാങ്കറിൽ നിന്ന് മിസൈൽ വാർഹെഡ് വീണ്ടെടുത്ത് നാവികസേന

കൊച്ചി: സ്‌ഫോടനമുണ്ടായ ക്രൂഡ് ഓയിൽ ടാങ്കറിൽ നിന്ന് പൊട്ടിത്തെറിക്കാത്ത മിസൈൽ വാർഹെഡ് നാവികസേന വീണ്ടെടുത്തത് ഹൈ റിസ്‌ക് ടാസ്‌കിനൊടുവിൽ. കൊച്ചി തീരത്തു നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ചാണ് നാവികസേന കപ്പലിനുള്ളിലെ ഓപ്പറേഷൻ നടത്തിയത്. ‘എം.ടി. ഒളിമ്പിക് ലൈഫ്’ എന്ന ടാങ്കറിൽ നിന്നാണ് നാവികസേന മിസൈൽ വാർഹെഡ് വീണ്ടെടുത്ത് സുരക്ഷിതമായി നിർമാർജനം ചെയ്തത്.
യു.എ.ഇ.യിലെ ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന മാർഷൽ ദ്വീപുകളുടെ പതാകയുള്ള ടാങ്കറിൽ മേയ് 26-ന് ഒമാൻ തീരത്തു വെച്ചാണ് സ്‌ഫോടമുണ്ടായത്. ഈ കപ്പലിൽ പൊട്ടിത്തെറിക്കാത്ത ഒരു ആയുധത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നതിനെത്തുടർന്നാണ് നാവികസേന അത് വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയത്.
കൊച്ചി തീരത്തേക്ക് കപ്പൽ എത്തിയതോടെ അതീവ സുരക്ഷിതമായി ഓപ്പറേഷനിലേക്ക് കടക്കാൻ നാവികസേന സജ്ജമായിരുന്നു. തീരത്തേക്ക് അടുപ്പിച്ച് പരിശോധന നടത്തിയാൽ മിസൈൽ പൊട്ടിത്തെറിച്ച് അപകടമുണ്ടായേക്കാമെന്ന തിരിച്ചറിവിലാണ് ഓപ്പറേഷൻ കൊച്ചിയുടെ തീരത്ത് നിന്ന് 40 മൈൽ അകലെയാക്കാൻ തീരുമാനിച്ചത്. കപ്പലിന്റെ വിശദമായ വിലയിരുത്തലിനായി ഒരു സ്‌പെഷ്യലിസ്റ്റ് എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ സംഘത്തെയും വിന്യസിച്ചിരുന്നു.
കപ്പലിനുള്ളിലെ സാഹസികവും ശ്രദ്ധാപൂർവവുമുള്ള പരിശോധനയ്‌ക്കൊടുവിലാണ് ഇന്ധന ടാങ്കിനുള്ളിൽ മിസൈൽ വാർഹെഡ് ഉള്ളതായി സംഘം കണ്ടെത്തിയത്. തുടർന്ന് അപകടമില്ലാതെ ഇത് വീണ്ടെടുത്ത് നിർമാർജനം ചെയ്യാനുള്ള ഘട്ടത്തിലേക്ക് പ്രവേശിച്ചു.
ഇന്ധന ടാങ്കിലെ പൊട്ടിത്തെറിക്കാത്ത മിസൈൽ വാർഹെഡിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കണക്കിലെടുത്ത് കപ്പലിന്റെയും അതിലെ ജീവനക്കാരുടെയും ചുറ്റുമുള്ള തുറമുഖ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയാണ് ദൗത്യം നിർവഹിച്ചത്.
നിർദിഷ്ട സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വാർഹെഡിന്റെ സുരക്ഷിതമായ വേർതിരിച്ചെടുക്കൽ നടത്തുന്നതിന് മുൻപ് വിപുലമായ ഡയഗ്‌നോസ്റ്റിക് രീതികളും നാവികസേന അവലംബിച്ചിരുന്നു. കപ്പലിൽ നിന്ന് കണ്ടെടുത്ത മിസൈൽ വാർഹെഡ് വിശദമായ പരിശോധനയ്ക്കായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
Content Highlights: The Indian Navy successfully recovered and neutralized an unexploded missile warhead from the MT Olympic Life tanker near Kochi.