ഓപ്പറേഷന്‍ സിന്ധു; യുദ്ധഭൂമിയില്‍നിന്ന് ഫാദിലയെത്തി, ആശ്വാസത്തിലേക്ക്

#സ്വന്തം ലേഖകന്‍
.
.

ന്യൂഡല്‍ഹി: യുദ്ധഭൂമിയില്‍നിന്ന് ഫാദിലയെത്തി, ആശ്വാസത്തിലേക്ക്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ആരംഭിച്ച 'ഓപ്പറേഷന്‍ സിന്ധു'വിലൂടെയാണ് ടെഹ്റാനിലെ മെഡിക്കല്‍ വിദ്യാര്‍ഥി ഫാദില ശനിയാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തിയത്. ശനിയാഴ്ച ഇറാനില്‍നിന്ന് ഡല്‍ഹിയിലെത്തിയ പ്രത്യേകവിമാനത്തില്‍ വന്ന ഏക മലയാളിയാണ് മലപ്പുറം മുടിക്കോട് സ്വദേശി മുഹമ്മദിന്റെ മകള്‍ ഫാദില കച്ചക്കാരന്‍. യുദ്ധഭൂമിയില്‍നിന്നുള്ള മകളുടെ മടക്കത്തിനായി ദമാമില്‍ നിന്ന് പിതാവ് മുഹമ്മദും ഡല്‍ഹി വിമാനത്താവളത്തിലെത്തിയിരുന്നു. ഇരുവരും ശനിയാഴ്ച രാത്രി വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിച്ചു.

ഫാദില കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ടെഹ്റാനിലെ ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംബിബിഎസ് പഠനത്തിന് ചേര്‍ന്നത്. ഇപ്പോള്‍ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. പരീക്ഷയ്ക്കുശേഷം രണ്ടുമാസം അവധിയുള്ളതിനാല്‍ ഓഗസ്റ്റില്‍ ഫാദില നാട്ടിലേക്ക് പോകാനിരുന്നതാണെന്ന് സൗദിയില്‍ സിവില്‍ എന്‍ജിനിയറായ പിതാവ് മുഹമ്മദ് കച്ചക്കാരന്‍ മാതൃഭൂമിയോട് പറഞ്ഞു.

'യുദ്ധമായതോടെ കോളേജിലെ ക്ലാസുകള്‍ നിര്‍ത്തിവെച്ചു. അതു പ്രതീക്ഷിച്ചിരുന്നതിനാല്‍ അപകടം മുന്നില്‍ക്കണ്ട് ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. എംബസി കൃത്യമായ ഏകോപനം നടത്തി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി വാട്സാപ്പിലും ടെലിഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ആക്രമണത്തിന്റെ ഭീതി നേരിട്ടുബാധിച്ചിരുന്നില്ല. അവിടെ സാധാരണ ജനജീവിതം പ്രശ്‌നമായിട്ടില്ല. എങ്കിലും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഓപ്പറേഷന്‍ സിന്ധു പ്രഖ്യാപിച്ചപ്പോള്‍ നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മകള്‍ എത്തുമ്പോഴേക്കും ഡല്‍ഹിയിലെത്താനും അവിടെനിന്ന് ഒരുമിച്ച് നാട്ടിലേക്കുപോകാനും ടിക്കറ്റുമെടുത്തിരുന്നു' മുഹമ്മദ് പറഞ്ഞു.

മുഹമ്മദിന്റെ മറ്റു രണ്ട് പെണ്‍മക്കളും റഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. മൂന്നാമത്തെയാളാണ് ഫാദില. ഇളയ രണ്ടുപേര്‍ സ്‌കൂള്‍വിദ്യാര്‍ഥികളാണ്.
ശനിയാഴ്ചവരെ 1117 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്.

Content Highlights: Fadila Kachakkaran, a medical student in Tehran, returned to India via Operation Sindhu