'ഓപ്പറേഷന് തിയേറ്ററില്‍ പ്രധാനപ്പെട്ട വ്യക്തി രോഗി'; പ്രോട്ടോക്കോള്‍ കാത്തുസൂക്ഷിക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററില്‍ മതം ആനുശാസിക്കുന്നതരത്തില്‍, തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ഥിനികളുടെ ആവശ്യത്തെ എതിര്‍ത്ത് ഐ.എം.എ. സംസ്ഥാന ഘടകം. ഓപ്പറേഷന് തിയേറ്ററില്‍ രോഗികളുടെ സുരക്ഷയാണ് പ്രധാന്യം. ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ട മാനദണ്ഡങ്ങളാണ് ഓപ്പറേഷന് തിയേറ്ററില്‍ പാലിക്കുന്നത്. ഇത് തുടര്‍ന്നുപോകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു പ്രതികരിച്ചു.
'ലോകത്ത് എല്ലായിടത്തും ആശുപത്രികളില്‍ ഓപ്പറേഷന് തിയേറ്ററിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി രോഗിയാണ്. രോഗികള്‍ക്ക് അണുബാധ വരാതിരിക്കാന്‍ ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ട ചില പ്രോട്ടോക്കോളുകള്‍ ഓപ്പറേഷന് തിയേറ്ററുകളിലുണ്ട്. അത് കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഇക്കാര്യത്തിലുള്ള അഭിപ്രായം', ഡോ. സുള്‍ഫി നൂഹു പ്രതികരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിവിധ ബാച്ചുകളില്‍ പഠിക്കുന്ന ഏഴ് വിദ്യാര്‍ഥികളാണ് മുഴുക്കൈ ജാക്കറ്റ് അടക്കമുള്ള വസ്ത്രം ധരിക്കാന്‍ അനുമതി തേടിയത്. തിയേറ്ററിനുള്ളില്‍ തലയും കഴുത്തും മൂടുന്നവിധമുള്ള ഹുഡ് ധരിക്കാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കത്ത് ലഭിച്ചെന്നും വിദ്യാര്‍ഥികളുടെ ആവശ്യം പരിശോധിക്കാന്‍ വിദഗ്ധരുടെ യോഗം വിളിക്കുമെന്നുമായിരുന്നു കത്തിനോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനെറ്റ് ജെ. മോറിസിന്റെ പ്രതികരണം. രണ്ടാഴ്ചയ്ക്കകം മറുപടിനല്‍കാമെന്ന് വിദ്യാര്‍ഥികളെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
Content Highlights: Indian medical association response on hijab in operation theater thiruvananthapuram medical college