ഭരണഘടനയുടെ അടിസ്ഥാനം ഭാരതീയ മൂല്യങ്ങൾ- ജസ്റ്റിസ് ദിനേശ് മഹേശ്വരി

തിരുവനന്തപുരം: ഭാരതീയ മൂല്യങ്ങൾ അടിസ്ഥാനമാക്കി വാർത്തെടുത്തതാണ് നമ്മുടെ ഭരണഘടനയെന്ന് ദേശീയ നിയമ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ദിനേശ് മഹേശ്വരി പറഞ്ഞു. ലോക്ഭവനിൽ ’ഭാരതീയ ജ്ഞാനസംഹിതയും ഇന്ത്യൻ ഭരണഘടനയും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വെറുമൊരു രാജ്യത്തിന്റേതല്ല, ഒരു സംസ്‌കാരത്തിന്റെ പേരാണ് ഇന്ത്യ. എത്രയോ വർഷങ്ങളുടെ അനുഭവങ്ങളിൽനിന്നും സ്വാംശീകരിക്കപ്പെട്ടതാണ് ഭാരതീയ സംസ്‌കാരം. കേവലം ലിഖിതരചനകൾക്കപ്പുറമുള്ള ഒന്നാണ് ഭാരതീയ ജ്ഞാനസംഹിത. ഭാരതീയമൂല്യങ്ങൾ അടിസ്ഥാനമാക്കി വാർത്തെടുത്തതാണ് ഇന്ത്യൻ ഭരണഘടന. ചാർവാകന്റെ കാലത്തെ പരിവർത്തനചിന്തയ്ക്കടക്കം അതിൽ ഇടംനൽകി. ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറൽ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ മകുടോദാഹരണമാണ് ജിഎസ്ടി. വ്യക്തിയുടെ സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കുന്നതാണ് ഭരണഘടനയുടെ സവിശേഷത. നമ്മുടെ സംവിധാനത്തിൽ ഭാരതവത്കരണം അനിവാര്യമാണെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി പറഞ്ഞു.
ഭാരതീയ ജ്ഞാനസംഹിതയുടെ അതേ പ്രവാഹമാണ് ഇന്ത്യൻ ഭരണഘടനയെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. 1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും നമ്മുടെ ജ്ഞാനസംഹിത ചില ഭരണാധികാരികൾ മറന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതിലൊരു മാറ്റമുണ്ടായെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ നിയമോപദേശകൻ അഡ്വ. പി.ശ്രീകുമാറും സംസാരിച്ചു.
Content Highlights: National Law Commission Chairman Justice Dinesh Maheshwari highlights how the Indian Constitution is built upon Bharatiya values, drawing parallels with Indian philosophy and culture.