മതേതരവഴിയിൽ മലയാളിയൗവനം; വിവാഹത്തിന് സ്‌പെഷ്യൽ മാര്യേജ് ആക്ട് തിരഞ്ഞെടുക്കുന്നവരില്‍ വന്‍ വര്‍ധന

#ഒ. രാധിക
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

തൃശ്ശൂർ: മലപ്പുറം ജില്ലയിലെ പൊന്നാനി സബ് രജിസ്ട്രാർ ഓഫീസിൽ 1994-ൽ ഒരു വിവാഹമാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്നത്. 2000-ൽ ഒരു വിവാഹം പോലും ഈ രീതിയിലുണ്ടായില്ല. 2004-ൽ ഒരെണ്ണം. എന്നാൽ 2021-ൽ 69-ഉം 2022-ൽ 54- ഉം വിവാഹം നടന്നു. 2023-ൽ ഇതുവരെ 39 വിവാഹവും.

സംസ്ഥാനത്ത് യുവാക്കൾ വിവാഹത്തിന്റെ കാര്യത്തിൽ മതേതരമാകുന്നുവെന്നാണ് സൂചനകൾ. മതരഹിത സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിനുള്ള അപേക്ഷയിൽ വലിയ വർധനയാണ്. മുമ്പ് ആളില്ലാത്ത സമയം നോക്കി സബ് രജിസ്ട്രാർ ഓഫീസ് നോട്ടീസ് ബോർഡിൽ രണ്ട് ഫോട്ടോകൾ ഒട്ടിക്കുന്നു. ചിലപ്പോൾ പിന്നാലെ പറഞ്ഞുറപ്പിച്ചപോലെ ചിലർ അത് പറിച്ചുകളയുന്നു. തൊണ്ണൂറുകളിൽ കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകളിലെ ചിത്രം ഇങ്ങനെയായിരുന്നു. വർഷത്തിൽ വിരലിലെണ്ണവുന്ന വിവാഹങ്ങൾക്കേ ഈ ഓഫീസിന് സാക്ഷ്യം വഹിക്കേണ്ടിവരാറുള്ളൂ... എന്നാൽ ഇന്ന് കഥയാകെ മാറി. ആ നോട്ടീസ് ബോർഡുകളിൽ ഒട്ടേറെ അപേക്ഷകർ. വിവാഹിതരാവാൻ എത്തുന്ന യുവതീയുവാക്കൾ ഒരു അപൂർവകാഴ്ചയേ അല്ല.

ഈ സാമ്പത്തിക വർഷത്തിൽ കേരളത്തിൽ ലഭിച്ചത് 15897 അപേക്ഷകളാണ്. അതിൽ 11258 വിവാഹങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസിൽ 2000-ൽ 20 വിവാഹമേ നടന്നിട്ടുള്ളൂ. എന്നാൽ 2022-ൽ 82 വിവാഹമാണ് നടന്നത്. 2023 -ൽ ഇതുവരെ 68 വിവാഹങ്ങൾ നടന്നു. എറണാകുളം സബ് രജിസ്ട്രാർ ഓഫീസിൽ 2021-ൽ 205 വിവാഹങ്ങളും 22-ൽ 190-ഉം 23- ൽ 167 വിവാഹങ്ങളും രജിസ്റ്റർ ചെയ്തു. മതാചാരപ്രകാരമുള്ള വിവാഹചടങ്ങുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണ് ഈ മാർഗം തിരഞ്ഞെടുക്കുന്നവരിൽ ഭൂരിഭാഗം. തിരുവനന്തപുരം ജില്ലയാണ് സബ് രജിസ്ട്രാർ ഓഫീസ് വഴി ഏറ്റവും കൂടുതൽ വിവാഹം നടക്കുന്നത്. തൊട്ടടുത്ത് എറണാകുളവും. വയനാട് ആണ് ഏറ്റവും കുറവുള്ള ജില്ല.

വിവാഹരീതിയുടെ സ്വഭാവത്തിൽ മാത്രമല്ല. വിവാഹങ്ങളിലും കാര്യങ്ങൾ മതേതരമാണ്. പാലക്കാട് തമിഴ്നാട് അതിർത്തിയിലെ സബ് രജിസ്ട്രാർ ഓഫീസിൽ ഈ വർഷം രജിസ്റ്റർ ചെയ്ത 25 വിവാഹങ്ങളിൽ പതിനൊന്നും രണ്ടു മതത്തിൽ പെട്ടവർ തമ്മിലാണ്. പാലക്കാട്ടെ തന്നെ മറ്റൊരു ഓഫീസിൽ 16-ൽ ഒമ്പതും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹമാണ് നടന്നത്. ഭൂരിഭാഗം വിവാഹങ്ങളിലും രജിസ്‌ട്രേഷന് വധൂവരൻമാർക്കൊപ്പം എത്തുന്നത് അച്ഛനമ്മമാരടക്കമുള്ള അടുത്ത ബന്ധുക്കൾ തന്നെയാണെന്നതും മാറിയ മലയാളിസാമൂഹികബോധം പ്രതിഫലിപ്പിക്കുന്നു.

Content Highlights: increasing marriage under special marriage act in kerala