കൈക്കൂലിയും അഴിമതിയും; 2014 മുതല്‍ വിജിലന്‍സിന് ലഭിച്ചത് 3104 ഊമക്കത്തുകള്‍; കഴമ്പുള്ളത് 15%

#എം. ബഷീര്‍
പ്രതീകാത്മക ചിത്രം | Photo: x
പ്രതീകാത്മക ചിത്രം | Photo: x

തിരുവനന്തപുരം:വിജിലന്‍സിന് ഊമക്കത്തായി ലഭിക്കുന്ന പരാതികളില്‍ 15 ശതമാനമെങ്കിലും കഴമ്പുള്ളതും തുടര്‍നടപടികളിലേക്ക് നീങ്ങേണ്ടവയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2016 മുതല്‍ കഴിഞ്ഞമാസംവരെ വിജിലന്‍സിന്റെ വിവിധ ഓഫീസുകളിലായി 3104 ഊമക്കത്തുകള്‍ ലഭിച്ചിരുന്നു. പരാതിക്കാരന്റെ മേല്‍വിലാസം വെളിപ്പെടുത്താതെയുള്ള കത്തുകള്‍ ഇ-മെയിലായും തപാല്‍വഴിയും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കൈക്കൂലി ആക്ഷേപങ്ങളും അനധികൃത സ്വത്ത് സമ്പാദനവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ലഭിച്ചത്.

ഉള്ളടക്കം സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ 489 പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് തുടര്‍നടപടികള്‍ കൈക്കൊണ്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിക്കും ക്രമവിരുദ്ധ നടപടികള്‍ക്കുമെതിരേ പൊതുജനങ്ങള്‍ക്ക് വിജിലന്‍സിനെ സമീപിക്കാമെന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരം കത്തുകളെത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

കാസര്‍കോട് ഒഴികെയുള്ള വിജിലന്‍സിന്റെ മിക്ക ഓഫീസുകള്‍ക്കും ഊമക്കത്തായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എറണാകുളത്തുള്ള മധ്യമേഖലാ ഓഫീസിലാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചിട്ടുള്ളത്. ലഭിച്ച 407 പരാതികളില്‍ പരിശോധന നടത്തിയപ്പോള്‍ 38 എണ്ണത്തില്‍ തുടര്‍നടപടിയെടുക്കേണ്ടിവന്നു. നിജസ്ഥിതി വ്യക്തമാകാത്ത 241 പരാതികള്‍ ലഭിച്ച എറണാകുളത്താണ് ഏറ്റവുമധികം തുടര്‍നടപടികള്‍ വേണ്ടിവന്നത്, 69 എണ്ണത്തില്‍. എറണാകുളത്തുതന്നെയുള്ള മറ്റു രണ്ടു യൂണിറ്റുകളിലുമായി 432 പരാതികളില്‍ 63 എണ്ണത്തിലും തുടര്‍നടപടികളുണ്ടായി.
 

Content Highlights: in 8 years vigilance received 3104 letters without address