സ്‌നേഹവും ദയയും സഹിഷ്ണുതയുമുള്ളവർ; കേരളത്തെയും ഇവിടത്തെ ജനങ്ങളെയും ഞാൻ അങ്ങേയറ്റം സ്നേഹിക്കുന്നു- ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ

#രാജേഷ് ജോർജ്, ബീബ ബോബൻ
ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ
ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ

സിറിയയും ലെബനനും ഉൾപ്പെടുന്ന പശ്ചിമേഷ്യയെമ്പാടും അസ്ഥിരമായ സുരക്ഷാസാഹചര്യമാണിപ്പോഴുള്ളത്. 2024-ന്റെ അവസാനത്തോടെ സിറിയയിൽ ബാഷർ അൽ-അസദ് ഭരണകൂടം നിലംപൊത്തിയതും 2026-ൽ ലെബനനിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുണ്ടായ രൂക്ഷമായ യുദ്ധവും മേഖലയിലെ പ്രതിസന്ധികൾക്ക് ആക്കംകൂട്ടി. പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ജനിച്ച മണ്ണിൽനിന്ന് പതിനായിരങ്ങൾ പലായനംചെയ്തു. സാമ്പത്തിക അടിത്തറ തകർന്നതിനൊപ്പം ദാരിദ്ര്യവും തൊഴിലില്ലായ്മയും പിടിമുറുക്കി.

അശാന്തമായ ഈ പശ്ചിമേഷ്യൻ മണ്ണിൽനിന്ന് സമാധാനസന്ദേശവുമായി കേരളത്തിൽ ശ്ലൈഹിക സന്ദർശനത്തിനെത്തിയതാണ് ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ (യാക്കോബായ സഭ) പരമാധ്യക്ഷനും അന്ത്യോഖ്യ പാത്രിയർക്കീസുമായ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. സിറിയയിലെയും ലെബനനിലെയും രാഷ്ട്രീയപ്രതിസന്ധിയെക്കുറിച്ചും കേരളത്തിലെ യാക്കോബായ-ഓർത്തഡോക്സ് തർക്കത്തെക്കുറിച്ചും പ്രശ്നപരിഹാരത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തിവരുന്ന ഇടപെടലുകളെക്കുറിച്ചും അദ്ദേഹം മനസ്സുതുറക്കുന്നു. യാക്കോബായസഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയും സഭയുടെ മീഡിയ സെൽ ചെയർമാൻ ഡോ. കുരിയാക്കോസ് മാർ തെയോഫിലോസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യുദ്ധക്കെടുതികൾ അനുഭവിക്കുന്ന പശ്ചിമേഷ്യൻ ജനത ആഗ്രഹിക്കുന്നത് സുസ്ഥിരതയും സമാധാനവുമാണെന്നും സഭാതർക്കത്തിന് പരിഹാരം കാണാൻ ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും പാത്രിയർക്കീസ് ബാവ പറയുന്നു.

സിറിയ, ലെബനൻ അടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ രാഷ്ട്രീയ സമാധാനാന്തരീക്ഷം കലുഷിതമല്ലേ

പശ്ചിമേഷ്യൻ മേഖലയിലെ അവസ്ഥ വളരെ അസ്ഥിരവും ആശങ്കാജനകവുമാണ്. അമേരിക്കൻ-ഇറാനിയൻ-ഇസ്രയേലി സംഘർഷങ്ങളും ലെബനനിലും സിറിയയിലും ഇസ്രയേൽ നടത്തുന്ന കടന്നുകയറ്റങ്ങളും ജനങ്ങളുടെ ജീവിതത്തെ അതിരൂക്ഷമായി ബാധിച്ചിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ക്രിസ്തുമതത്തിന്റെ ജന്മദേശമായ ഇറാഖ്, സിറിയ, ലെബനൻ എന്നിവിടങ്ങളിൽനിന്ന് ക്രൈസ്തവർ വൻതോതിൽ പലായനം ചെയ്യുകയും അവർ ചെറിയൊരു ന്യൂനപക്ഷമായി മാറുകയുംചെയ്യുന്നത് വലിയൊരു ഭീഷണിയാണ്. ചരിത്രപരമായി വിവിധ മതവിഭാഗങ്ങൾ പരസ്പരപൂരകങ്ങളായി ജീവിച്ചിരുന്ന ഈ മണ്ണിൽ ക്രിസ്ത്യാനികൾ തുടർന്നും നിലനിൽക്കേണ്ടത് രാജ്യങ്ങളുടെ സമാധാനപരമായ നിലനിൽപ്പിന് അത്യാവശ്യമാണ്.

സിറിയയിലെ ഭരണമാറ്റം ക്രൈസ്തവസമൂഹത്തെ ബാധിച്ചിട്ടില്ലേ

സിറിയയിൽ രണ്ടുവർഷംമുൻപ്‌ പുതിയ ഭരണകൂടം അധികാരമേറ്റെടുത്തശേഷം സഭയുടെ പ്രവർത്തനങ്ങൾക്കും ക്രൈസ്തവർക്കും പലവിധ പ്രയാസങ്ങളും നേരിടേണ്ടിവരുന്നു. ക്രിസ്ത്യാനികൾക്കു മാത്രമല്ല, ഭൂരിപക്ഷംവരുന്ന മുസ്‌ലിം ജനവിഭാഗവും അവിടെ ദുരിതമനുഭവിക്കുകയാണ്. രാജ്യത്തിന്‌ സുസ്ഥിരമായ ഭാവിയുണ്ടാകണമെങ്കിൽ ഭരണഘടനാനിർമാണം, രാഷ്ട്രീയപ്പാർട്ടികൾക്കുള്ള നിയമങ്ങൾ രൂപവത്‌കരിക്കൽ, രാഷ്ട്രീയപ്രക്രിയയെ സജീവമാക്കൽ തുടങ്ങിയ ഭരണഘടനാപരമായ പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പാക്കണം. പുതിയ ഭരണകൂടംവന്ന് രണ്ടുവർഷമെന്നത് ചെറിയൊരു കാലയളവാണ്. എങ്കിലും വ്യക്തമായ രാഷ്ട്രീയ പരിഷ്കാരങ്ങളിലൂടെ രാജ്യത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തണം.

അവിടെ സംഘർഷത്തിൽ ഒട്ടേറെ പള്ളികൾ തകർന്നിട്ടുണ്ടല്ലോ

നാളുകളായി തുടരുന്ന സംഘർഷത്തിൽ ഒട്ടേറെ പള്ളികൾ തകർന്നിട്ടുണ്ടെന്നത് വസ്തുതയാണ്. സഭയുടെ എല്ലാ ദൈവാലയങ്ങളും സാധ്യമാകുന്നത്ര പുനർനിർമിക്കും. ക്രൈസ്തവർ വസിക്കുന്ന പ്രദേശങ്ങളിലെ പള്ളികൾക്കാണ് പുനർനിർമാണത്തിൽ മുൻഗണന നൽകുക. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപനങ്ങളുടെയും പള്ളികളുടെയും പ്രവർത്തനം നിർത്തിവെക്കുന്നത് ചിന്തിക്കാൻ കഴിയില്ല. സ്വന്തം മണ്ണിലെ തദ്ദേശീയരായ പൗരന്മാർ എന്നനിലയിൽ കടമകളും അവകാശങ്ങളും മുറുകെപ്പിടിച്ച് ഞങ്ങൾ മുന്നോട്ടുപോകും. സഭയുടെ പാത്രിയർക്കൽ ആസ്ഥാനം സിറിയയിലെ ഡമാസ്കസിലാണ്. ഡമാസ്കസിലേക്ക് ഇപ്പോൾ വരാൻ സാധിക്കാത്തവരെ കാണാൻ ഞങ്ങൾ ലെബനനിൽ പോകാറുണ്ട്. ഞാൻ എപ്പോഴും ഡമാസ്കസിൽത്തന്നെയാണ് താമസിക്കുന്നത്.

ഇത്തവണത്തെ കേരളസന്ദർശനത്തിന്റെ പ്രാധാന്യം

സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പാത്രിയർക്കീസ് ബാവ കേരളം സന്ദർശിക്കുകയും വിശുദ്ധ മൂറോൻ കൂദാശ നിർവഹിക്കുകയും സഭയെ ഭദ്രാസനങ്ങളായി പുനഃസംഘടിപ്പിച്ച് മുളന്തുരുത്തി സുനഹദോസ് വിളിച്ചു ചേർക്കുകയുംചെയ്ത ചരിത്രസംഭവത്തിന്റെ 150-ാം വാർഷിക അനുസ്മരണത്തിനായാണ് ഞാൻ ഇക്കുറി കേരളത്തിലെത്തിയത്. സഭയുടെ ചരിത്രത്തിൽത്തന്നെ ആ സൂനഹദോസ് നിർണായകമായിരുന്നു. പിന്നീട് മെത്രാപ്പോലീത്തമാർ വാഴിക്കപ്പെടുകയും സഭാഭരണക്രമം രൂപപ്പെടുകയും ചെയ്തത് ഈ സുനഹദോസിനുശേഷമാണ്.

കേരളത്തെയും ഇവിടത്തെ ജനങ്ങളെയും ഞാൻ അങ്ങേയറ്റം സ്നേഹിക്കുന്നു. പരിശുദ്ധ സിംഹാസനത്തോടും വിശ്വാസത്തോടും വലിയ കൂറുപുലർത്തുന്ന കേരളത്തിലെ വിശ്വാസികളെ നേരിൽക്കാണാനും അവർക്ക് സേവനംചെയ്യാനും സഭാ അധ്യക്ഷനുമായുള്ള സ്നേഹം പങ്കുവെക്കാനുമുള്ള വലിയൊരു അവസരമായാണ് ഈ സന്ദർശനത്തെ ഞാൻ കാണുന്നത്.

ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഹിന്ദുക്കളും ഉൾപ്പെടെയുള്ള വിവിധ മതവിഭാഗങ്ങളും പാരമ്പര്യങ്ങളുമുള്ള ജനങ്ങൾ വളരെ ദയയോടും സ്നേഹത്തോടും സഹിഷ്ണുതയോടുംകൂടി സമാധാനപരമായി ഒന്നിച്ചുജീവിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ പോരാട്ടങ്ങളും യുദ്ധങ്ങളും അടിച്ചമർത്തലുകളും നടക്കുന്ന ലോകത്തിലെ മറ്റുപല പ്രദേശങ്ങൾക്കും വലിയൊരു മാതൃകയാണ് കേരളത്തിലെ സമൂഹം. സ്വന്തം നാടിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന കേരളജനതയിൽനിന്ന് ലോകത്തിന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.

ഓർത്തഡോക്സ് തർക്കത്തിന് ഇനിയും പരിഹാരമായിട്ടില്ലല്ലോ

യാക്കോബായ-ഓർത്തഡോക്സ് സഭാതർക്കത്തിന് ശാശ്വതമായ പരിഹാരമുണ്ടായിട്ടില്ല. ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പൂർണസമാധാനം കൈവരിക്കാൻ സാധിക്കുമെന്ന വലിയ പ്രതീക്ഷ ഞങ്ങൾക്ക് എപ്പോഴുമുണ്ട്. മുൻപ് കേരളം സന്ദർശിച്ചപ്പോൾ സഭാതർക്ക പരിഹാര ചർച്ചകൾക്കായി ഒരു 'എപ്പിസ്കോപ്പൽ കമ്മിറ്റി' രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ കമ്മിറ്റിയും മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയിരുന്നു. ഇനിയും ചർച്ചകൾക്ക് തയ്യാറാണ്. സമാധാനപരമായി മുന്നോട്ടുപോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മറുഭാഗത്തുനിന്നും സമാനമായ ഒരു സമിതി രൂപവത്കരിച്ച് ഉഭയകക്ഷിചർച്ചകൾ ആരംഭിക്കുമെന്നും എല്ലാവർക്കും ഒരുപോലെ ഗുണകരവുമായ ധാരണയിൽ എത്തിച്ചേരുമെന്നും ഞാൻ പ്രത്യാശിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും തർക്കത്തിൽ ഇടപെടാമെന്ന് അറിയിച്ചിരുന്നല്ലോ

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചനടത്തുകയും സഭാ തർക്കവിഷയം സമഗ്രമായി ചർച്ചചെയ്യുകയും ചെയ്തിരുന്നു. കേന്ദ്രഭരണകൂടത്തിനും പ്രധാനമന്ത്രിക്കും ഈ വിഷയം പരിഹരിക്കപ്പെടുന്നതിൽ വലിയ താത്പര്യമുണ്ട്. സഭാതർക്കത്തിന് ഒരു ശാശ്വതപരിഹാരം കാണാൻ സഹായിക്കാമെന്ന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയും ആവശ്യമായ ചില നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ആ മധ്യസ്ഥശ്രമങ്ങൾ തുടർന്നും മുന്നോട്ടുപോകുമെന്നാണ് ഞങ്ങൾ കരുതുന്നത്.

സഭാതർക്കത്തിൽ സർക്കാരിന്റെ ഇടപെടലുകളിൽ പ്രതീക്ഷയുണ്ടോ...

110-ലേറെ വർഷത്തോളം പഴക്കമുള്ളതും സങ്കീർണവുമായ ഈ സഭാതർക്കം പരിഹരിക്കാൻ കഴിഞ്ഞതും നിലവിലുള്ളതുമായ കേരളസർക്കാരുകൾ നടത്തിയ ശ്രമങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു. മുൻപും ഇപ്പോഴുമുള്ള സർക്കാരുകൾ

പ്രശ്നപരിഹാരത്തിനായി ആത്മാർഥമായി ശ്രമിക്കുന്നുവെന്നത് ശുഭകരമാണ്. സമവായമാണ് ഈ പ്രശ്നം പരിഹരിക്കേണ്ടതെങ്കിലും ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചർച്ചകൾ സുഗമമാക്കുന്നതിൽ സർക്കാരിന് നിർണായക പങ്കുവഹിക്കാൻ കഴിയും. തർക്കപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോടതിയുടെ ചില നിർദേശങ്ങളും ഉത്തരവുകളും സർക്കാരിനുമുന്നിലുണ്ട്. നിലവിലെ മുഖ്യമന്ത്രിയും സർക്കാരും ഈ ചർച്ചകൾ വിജയകരമായി പൂർത്തിയാക്കാൻ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.