പാലാ പോയാൽ കാപ്പൻ യു.ഡി.എഫിലേക്ക്?; കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി

തിരുവനന്തപുരം: പാലാ സീറ്റ് എൽ.ഡി.എഫ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയാൽ മാണി സി കാപ്പൻ യു.ഡി.എഫിലേക്കെന്ന് സൂചന. കോൺഗ്രസ് നേതൃത്വവുമായി മാണി സി കാപ്പൻ അനൗദ്യോഗിക ചർച്ചകൾ നടത്തി. എൻ.സി.പി. ദേശീയ നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും മാണി സി കാപ്പൻ യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചു.
ജോസ് കെ. മാണി വിഭാഗത്തിനും എൻ.സി.പിക്കും പാല വൈകാരിക വിഷയമാണ്. എൽ.ഡി.എഫിലെത്തുന്ന ജോസ് കെ മാണി പക്ഷത്തിന് പാലാ സീറ്റ് നൽകിയാൽ മാണി സി. കാപ്പൻ ഇടയും. അത് നിർണായകമായ മുന്നണിമാറ്റത്തിന് വഴിവെക്കും. എൻ.സി.പി. ഒന്നാകെയോ പാർട്ടിയെ പിളർത്തിയോ യു.ഡി.എഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കം.
കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വവുമായി മാണി സി. കാപ്പൻ സംസാരിച്ചു. പിന്നീട് സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചർച്ചകൾ നടത്തി. മാണി സി. കാപ്പൻ വരുന്നതിനോട് യു.ഡി.എഫിന് എതിർപ്പില്ല. ജോസ് കെ. മാണിക്കു വേണ്ടി സി.പി.എം. മാണി സി കാപ്പനെ തഴയുന്നത് കാപ്പന് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന് യു.ഡി.എഫ്. വിലയിരുത്തുന്നു.
എൻ.സി.പിയുടെ രണ്ട് എം.എൽ.എമാരിൽ എകെ ശശീന്ദ്രൻ യു.ഡി.എഫ്. ബന്ധത്തിന് തയ്യാറായേക്കില്ല. അങ്ങനെയെങ്കിൽ പാലയെ ചൊല്ലി എൻ.സി.പിയിൽ പിളർപ്പിന്റെ സാഹചര്യം ഉണ്ടാകും. എൻ.സി.പി. ദേശീയ നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും മാണി സി. കാപ്പൻ കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. നിയമസഭ സീറ്റുകളിൽ പിന്നീട് ധാരണയുണ്ടാക്കാമെന്ന തന്ത്രപരമായ നിലപാട് എൽഡിഎഫ് സ്വീകരിച്ചാലും കാപ്പൻ വഴങ്ങാൻ ഇടയില്ല.
content highlights: if pala seat goes to jose k mani faction; mani c kappan likely to ally with udf
Content Highlights: