യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഇടതുപ്രവര്‍ത്തകര്‍ വോട്ടുചെയ്‌തെന്ന് ആരോപണം

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | PTI
പ്രതീകാത്മക ചിത്രം | PTI

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ വോട്ട് ചെയ്‌തെന്ന് ആരോപണം. സി.പി.എം., എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., സി.ഐ.ടി.യു. അംഗങ്ങളും ഭാരവാഹികളും ആയിരുന്നവരാണ് വോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. 

ഇടുക്കി ജില്ലയുടെ വിവിധ മേഖലകളില്‍നിന്ന് ഡി.വൈ.എഫ്.ഐയുടെ മേഖലാ സെക്രട്ടറി പദവി വഹിക്കുന്നവര്‍ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് എടുത്ത് വോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. പ്രാഥമിക പരിശോധനയില്‍ തന്നെ ഇത്തരത്തിലുള്ള പത്തുപേരെ കണ്ടെത്തിയെന്നാണ് വിവരം. ഇടതുസംഘടനാ പ്രവര്‍ത്തകരുടെ ഈ നുഴഞ്ഞുകയറ്റത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ തന്നെ ചിലരാണെന്നാണ് ആരോപണം. 

ഇടുക്കി ജില്ലയില്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് റോയ് കെ. പൗലോസ് വിഭാഗവും പി.ടി. തോമസ് വിഭാഗവും തമ്മിലായിരുന്നു മത്സരം. ഇതില്‍ പി.ടി. തോമസ് വിഭാഗത്തിലെ ഫ്രാന്‍സിസ് ദേവസ്യ ജയിച്ചു. കെ.എസ്.യു. മുന്‍ ജില്ലാ പ്രസിഡന്റ് ടോണി തോമസ് 34 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 

വിഷയത്തില്‍ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പ്രതികരിച്ചു. ഞങ്ങള്‍ ഒരു അന്വേഷണവും നടത്തിയിട്ടില്ല. ഏതെങ്കിലും സാഹചര്യത്തില്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. പരിശോധിക്കാതെ ആധികാരികമായി പറയാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു. 

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന് ആരോപിച്ച് മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് ദേവസ്യക്ക് അപരനെ നിര്‍ത്തിയത് ഈ കാര്‍ഡ് ഉപയോഗിച്ച് ആണെന്നാണ് ആരോപണം. 


 

Content Highlights: idukki youth congress election cpm activists registered vote