കാമുകനുമായി പിണക്കം; ഇടുക്കിയില്‍ കാറോടിച്ചെത്തിയ യുവതി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടി, രക്ഷിച്ച് പോലീസ്

വണ്ണപ്പുറം(ഇടുക്കി): കാളിയാര്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷിച്ചു. കാളിയാര്‍ പോലീസും നാട്ടുകാരനായ യുവാവും ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം.
കുമളി സ്വദേശിനിയായ 26-കാരിയാണ് രാത്രി കാര്‍ ഓടിച്ചെത്തി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുവതി. ഇവിടെനിന്നാണ് കാറോടിച്ച് പാലത്തിലെത്തിയത്. തുടര്‍ന്ന് കാര്‍ പാലത്തില്‍ നിര്‍ത്തി യുവതി പുറത്തിറങ്ങുകയും പിന്നാലെ പുഴയിലേക്ക് ചാടുകയുമായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ ഒരാളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് എസ്‌ഐ സജി.പി.ജോണ്‍, എഎസ്‌ഐ ഷൈലജ, എസ്‌സിപിഒ ജയേഷ് എന്നിവരും നാട്ടുകാരനായ യുവാവും ചേര്‍ന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു.
കാമുകനുമായുള്ള പിണക്കമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. പുഴയില്‍ പുല്ലില്‍ പിടിച്ച് കിടന്നതിനാലാണ് യുവതി മുങ്ങിപ്പോകാതിരുന്നതെന്നും പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: A 26-year-old woman attempting suicide by jumping into a river from Kaliyar bridge in Idukki was heroically rescued by police and a local youth. Relationship issues cited as cause.