എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ സിപിഎം നേതാക്കൾ സമീപിച്ചു; വെളിപ്പെടുത്തലുമായി കെപിസിസി ജനറൽ സെക്രട്ടറി

#സ്വന്തം ലേഖകൻ
കെ.കെ. ജയചന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ | Photo: Mathrubhumi
കെ.കെ. ജയചന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ | Photo: Mathrubhumi

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്തിയത് സി.പി.എം. നേതാക്കൾ തന്നെയെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ. ഇതിനായി പാർട്ടി നേതാക്കൾ തങ്ങളെ സമീപിച്ചു. അതിന്റെ ശബ്ദരേഖകൾ കൈവശമുണ്ടെന്നും ഇബ്രാഹിംകുട്ടി കല്ലാർ അവകാശപ്പെട്ടു. നെടുങ്കണ്ടത്ത് കോൺഗ്രസിന്റെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കെ.കെ. ജയചന്ദ്രനെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ പരാജയപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും സി.പി.എമ്മിന്റെ തന്നെ ഉത്തരവാദിത്തപ്പെട്ട നേതാക്കന്മാർ സമീപിച്ചതിന്റെ ശബ്ദരേഖയടക്കം കൈയിലുണ്ട്. ഇവന്റെയാണോ യോഗ്യതയുള്ള പാർട്ടി. ഇവന്മാരാണോ രാഷ്ട്രീയമായി ഞങ്ങളെ അടിച്ചമർത്താൻ വരുന്നത്, കെ.എസ്.യുക്കാരെ തല്ലിച്ചതയ്ക്കാൻ വരുന്നത്? കൂടുതലൊന്നും പറയിപ്പിക്കരുത്', ഇബ്രാഹിംകുട്ടി കല്ലാറിന്റെ വാക്കുകൾ.

'എനിക്ക് വ്യക്തിപരമായി സ്‌നേഹമാണ്. സത്യത്തിൽ അയാളുടെ പാർട്ടിക്കാരാണ് ഇതെല്ലാം ഒപ്പിച്ചത്. ഞങ്ങളൊന്നുമല്ല. വീട് പണിതപ്പോൾ അവരുടെ പാർട്ടിക്കാർ പടം പുറത്തേക്ക് വിട്ടു. അതിന് ശേഷം ഓരോരോ കാര്യങ്ങൾ ഇവരുടെ പാർട്ടിക്കാർ തന്നെയാണ് പുറത്തുവിട്ടത്', അദ്ദേഹം പറഞ്ഞു.

'അദ്ദേഹത്തെ പിടിപ്പിച്ച ആശാന്മാരെ സംബന്ധിച്ച് ചില കാര്യങ്ങൾ പുറത്തുവരുന്നുണ്ട്. അടുത്ത യോഗത്തിൽ ഇതിനുള്ള മറുപടി സി.പി.എം. പറഞ്ഞിട്ട് അതിനെ സംബന്ധിച്ച് പുറത്തുപറയാം. ഞങ്ങൾ രാഷ്ട്രീയപ്രവർത്തനം നടത്തിയത് സുതാര്യമായും മാന്യമായ രീതിയിലുമാണ്. ഞങ്ങളുടെ വായിൽ കോലിട്ടിളക്കിയിട്ട് ഉള്ളത് കേൾക്കേണ്ട സാഹചര്യമുണ്ടാക്കരുത്', ഇബ്രാഹിംകുട്ടി കല്ലാർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ടുതവണ മുൻമന്ത്രി എം.എം. മണി പ്രതിനിധീകരിച്ച നിയമസഭാ മണ്ഡലമാണ് ഉടുമ്പൻചോല. ഇത്തവണ മണിക്ക് പകരം മുൻ എം.എൽ.എ. കൂടിയായ സി.പി.എം. നേതാവ് കെ.കെ. ജയചന്ദ്രനായിരുന്നു എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ചത്. കോൺഗ്രസിലെ സേനാപതി വേണുവിനോട് 20,000-ത്തിലേറെ വോട്ടുകൾക്ക് ജയചന്ദ്രൻ പരാജയപ്പെട്ടു.

Content Highlights: KPCC General Secretary Ibrahimkutty Kallar claimed CPM leaders approached Congress to defeat LDF candidate KK Jayachandran in Udumbanchola. Kallar stated that Congress possesses audio recordings as evidence of CPM leaders plotting against their own candidate. He added that internal issues and leaks within CPM contributed to details like Jayachandran's house construction being leaked. The Udumbanchola seat was previously represented twice by MM Mani before KK Jayachandran lost to Congress's Senapathy Venu by over 20,000 votes. Kallar issued a warning during a Congress protest meeting in Nedumkandam, asking CPM not to provoke them further.