ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് കീഴടങ്ങി, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സുകാന്ത് സുരേഷ് കീഴടങ്ങി. ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് സുകാന്ത് കീഴടങ്ങുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഇന്ന് രാവിലെ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് കീഴടങ്ങിയത്.
ഇയാള്‍ ഇത്രയും നാള്‍ ഒളിവിലായിരുന്നു. ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ കൊച്ചി സിറ്റി പോലീസിന് മുമ്പാകെ സുകാന്ത് കീഴടങ്ങുകയായിരുന്നു. അല്‍പ സമയത്തിനകം ഇയാളെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസിന് കൈമാറും.
രണ്ടുമാസത്തോളം ഒളിവില്‍ കഴിഞ്ഞിട്ടും ഇയാളെ എന്തുകൊണ്ട് പിടിക്കാന്‍ സാധിച്ചില്ല എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ ഗുരുതരമായി ബാധിക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ തോമസ് ജാമ്യ ഹര്‍ജി തള്ളിയത്.
മുന്‍ ഐബി ഉദ്യോഗസ്ഥന്‍ കൂടിയാണ് സുകാന്ത്. ആത്മഹത്യ പ്രേരണ കുറ്റമുള്‍പ്പെടെ ചുമത്തപ്പെട്ടതിന് പിന്നാലെയാണ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുകാന്തുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നിരുന്നു. അതില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള ചാറ്റുകള്‍ സുകാന്തിന്റേതായി കണ്ടെത്തിയിരുന്നു.
ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെതന്നെ സുകാന്ത് പോലീസിൽ കീഴടങ്ങി. ഇത്രയും നാള്‍ ഇയാള്‍ കൊച്ചിയിലുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഓഫീസറായ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുകാന്തിന്റെ പങ്ക് പുറത്തുവന്നത്.
Content Highlights: IB Officer Suicide Case: Sukant Suresh Surrenders