പമ്പാനദിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; ചാക്കിൽ ശോശപ്പയും മഞ്ഞപ്പട്ടും ശവപ്പെട്ടി കൈപ്പിടിയും

ചെങ്ങന്നൂർ: കല്ലിശ്ശേരി റെയിൽവേ പാലത്തിനു താഴെ പമ്പാനദിയിൽനിന്ന് ചാക്കിൽക്കെട്ടിയ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ രണ്ടു യുവാക്കളുടെ ചൂണ്ടയിലാണ് അസ്ഥിക്കൂടാവശിഷ്ടങ്ങളടങ്ങിയ ചാക്കുകുടുങ്ങിയത്.
ചില ക്രൈസ്തവ വിഭാഗക്കാർ മൃതദേഹത്തിൽ വെക്കുന്ന ശോശപ്പ (വിശുദ്ധവസ്ത്രം), മഞ്ഞനിറത്തിലുള്ള പട്ട്, ശവപ്പെട്ടിയുടെ കൈപ്പിടി എന്നിവയും ചാക്കിലുണ്ടായിരുന്നു. ചൂണ്ടയിൽ ഭാരമുള്ളതെന്തോ കുടുങ്ങിയപ്പോൾ യുവാക്കൾ വലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് ആറ്റിലിറങ്ങി പരിശോധിച്ചപ്പോഴാണ് നദിയിൽ താഴ്ന്നുകിടന്ന നിലയിൽ ചാക്കുകെട്ടു കണ്ടത്. കരയിലെത്തിച്ച് തുറന്നപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടത്.
ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇൻക്വസ്റ്റിനു ശേഷം കസ്റ്റഡിയിലെടുത്തു. തുടയെല്ലു പരിശോധിച്ചതിൽനിന്ന് ആറടി പൊക്കമുള്ളയാളുടേതാകാമെന്നും നല്ല പഴക്കമുണ്ടെന്നും ചെങ്ങന്നൂർ ഡിവൈ.എസ്.പി. സന്തോഷ്‌കുമാർ പറഞ്ഞു. തലയോട്ടിയിലും അസ്ഥികളിലും മുറിവുകളുണ്ടോയെന്നറിയാനും വിശദമായ പരിശോധനയ്ക്കുമായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് അയച്ചു. ഫൊറൻസിക് പരിശോധനയ്ക്കും അയക്കും.
മേയ് 19-ന് പമ്പയാറ്റിൽ നെടുമുടി ഭാഗത്ത് ബാഗിലുപേക്ഷിക്കപ്പെട്ട നിലയിൽ മനുഷ്യന്റേതെന്നു തോന്നിക്കുന്ന അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയിരുന്നു. നെടുമുടി വൈശ്യംഭാഗം ഭാഗത്ത് പമ്പയാറ്റിൽ ചൂണ്ടയിട്ടുകൊണ്ടിരുന്ന കുട്ടികളാണ് ബാഗു കണ്ടെത്തിയത്. മെഡിക്കൽ വിദ്യാർഥികൾ പഠനത്തിനുപയോഗിച്ചതെന്നു സംശയിക്കുന്ന അസ്ഥിക്കഷണങ്ങളാണു കണ്ടെത്തിയത്.
Content Highlights: Human skull and bones found in a sack in Pamba River by local fishermen., Religious artifacts including vestments found inside the sack., Police suspect the remains are old and from a tall individual., Samples sent to Alappuzha Medical College for forensic analysis., Links to a previous discovery of bones in Nedumudi are being investigated.