മാസങ്ങളും വർഷങ്ങളുമായി കെട്ടിക്കിടന്ന 50 കേസുകൾ,ഒറ്റയടിക്ക് മധ്യസ്ഥതയ്ക്ക് വിട്ട് ഹൊസ്ദുർഗ് കോടതി

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കാഞ്ഞങ്ങാട്: മാസങ്ങളും വർഷങ്ങളുമായി കെട്ടിക്കിടന്ന 50 കേസുകൾ ഒറ്റയടിക്ക് മധ്യസ്ഥതയ്ക്ക് വിട്ട് ഹൊസ്ദുർഗ് കോടതി. ‘മധ്യസ്ഥതയിലൂടെ സമാധാനം ഉറപ്പാക്കൂ’ എന്ന സന്ദേശം നല്കിക്കൊണ്ടുള്ള ഹൈക്കോടതി പദ്ധതിപ്രകാരമാണ് കീഴ്‌ക്കോടതികൾ കേസുകൾ മധ്യസ്ഥചർച്ചയ്ക്ക്‌ വിടുന്നത്. ജൂലായ് ഒന്ന് മുതലാണ് ഇതു നടപ്പാക്കിത്തുടങ്ങിയത്.

ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ബാലു ദിനേശ് ആണ് ഇത്രയും കേസുകൾ അതിവേഗം മധ്യസ്ഥചർച്ചയ്ക്കായി മാറ്റിയത്.

ഗാർഹിക പീഡനക്കേസുകളും ചെക്കുകേസുകളുമാണ് ഏറെയും. കാസർകോട്ടെയും കാഞ്ഞങ്ങാട്ടെയും വിവിധ കോടതികളിൽനിന്നായി ഒരു മാസത്തിനിടെ ജില്ലയിൽ 901 കേസുകളാണ് മധ്യസ്ഥചർച്ചയ്ക്കായി മാറ്റിയത്. തർക്കവിഷയങ്ങളിൽ മധ്യസ്ഥരുടെ സഹായത്തോടെ ആശയവിനിമയം നടത്തി സ്വയം തീരുമാനമെടുക്കാൻ കക്ഷികൾക്ക് തന്നെ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

പരസ്പരമൊന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്‌നമേയുണ്ടാകുകയുള്ളൂ. എന്നാൽ മുഖത്തോടു മുഖം നോക്കാതെ കോടതിയിൽ കയറിയിറങ്ങും. അവർക്കിടയിലേക്ക് മധ്യസ്ഥരെത്തുന്നതോടെ ദേഷ്യം പുഞ്ചിരിയിലേക്കും സൗഹൃദത്തിലേക്കും വഴിമാറുന്നു. കാലങ്ങളായി മിണ്ടാതിരുന്ന അയൽപക്കക്കാർ മധ്യസ്ഥ ചർച്ച കഴിഞ്ഞ് കൈകോർത്ത് മടങ്ങുന്ന അനുഭവം പറയുന്നു അഭിഭാഷകരും. മുതിർന്ന 10 അഭിഭാഷകരെയാണ് അതതു കോടതികൾ മധ്യസ്ഥചർച്ചയ്ക്കായി നിയോഗിച്ചത്. ഇതൊന്ന് തീർന്നാൽ മതിയായിരുന്നുവെന്ന് പറഞ്ഞ് കാത്തിരിക്കുന്ന ദമ്പതിമാർക്കാണ് മധ്യസ്ഥചർച്ച കൂടുതൽ ആശ്വാസമായത്. വിവാഹമോചന കേസുകൾ നീണ്ട്, ജീവിതത്തെ പൂർണമായും അലോസരപ്പെടുത്തുന്ന സാഹചര്യത്തിൽനിന്ന് പെട്ടെന്നൊരു പ്രശ്‌നപരിഹാരമുണ്ടാകുന്നു.

മധ്യസ്ഥചർച്ച പൂർണമായും സൗജന്യമാണെന്നതാണ് കക്ഷികൾക്ക് മറ്റൊരു ആശ്വാസം. രണ്ടുകക്ഷികൾക്കും താത്പര്യമുണ്ടെങ്കിൽ മാത്രമേ കേസ് മധ്യസ്ഥരിലേക്ക് വിടുകയുള്ളൂ.

സുതാര്യതയും ഒപ്പം രഹസ്യസ്വാഭവം കൈവിടാതെയും ചർച്ചചെയ്യും. കേസ് നടത്തിപ്പിന്റെ മാനസിക പിരിമുറക്കം ഇല്ലാതാകുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

Content Highlights: hosdurg court sends 50 pending cases for mediation