ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച ജോയിയുടെ അമ്മയ്ക്ക് വീടുയരുന്നു; ശിലയിട്ട് മന്ത്രി MB രാജേഷ്

ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച ജോയി, ജോയിയുടെ അമ്മ മെൽഗിയ്ക്കായി കോണത്തുവിളയിൽ ജില്ലാപ്പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് കോർപ്പറേഷൻ നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുന്നു
ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച ജോയി, ജോയിയുടെ അമ്മ മെൽഗിയ്ക്കായി കോണത്തുവിളയിൽ ജില്ലാപ്പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് കോർപ്പറേഷൻ നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുന്നു

നെയ്യാറ്റിൻകര: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ മുങ്ങിമരിച്ച വടകര, മലഞ്ചരിവ് വീട്ടിൽ ജോയിയുടെ അമ്മയ്ക്കായി തിരുവനന്തപുരം കോർപ്പറേഷൻ നിർമിച്ചുനൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടന്നു. ചുള്ളിയൂർ, കോണത്തുവിളാകത്ത് ജില്ലാപ്പഞ്ചായത്ത് വാങ്ങിയ അഞ്ചുസെന്റ് സ്ഥലത്താണ് വീട് നിർമിക്കുന്നത്. മന്ത്രി എം.ബി. രാജേഷ് ശിലാസ്ഥാപനം നിർവഹിച്ചു.

നാലുമാസംകൊണ്ട് വീട് നിർമാണം പൂർത്തീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, സി.കെ. ഹരീന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ജില്ലാപ്പഞ്ചായത്തംഗങ്ങളായ വി.എസ്. ബിനു, വിളപ്പിൽ രാധാകൃഷ്ണൻ, കോർപ്പറേഷൻ കൗൺസിലർ ഡി.ആർ. അനിൽ, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

ജോയിയുടെ കുടുംബത്തിന് സർക്കാർ നേരത്തേ പത്തുലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. ഇതിനുപുറമേ റെയിൽവേ നൽകിയ 13 ലക്ഷം കുടുംബത്തിന് കൈമാറിയിരുന്നു.

Content Highlights: Stone laid for home constructing for mother of Joy who died in Amayizhanjan Thodu