ബിഎന്‍എസ് 106(2); നിയമത്തിലുറങ്ങുന്ന 'ഹിറ്റ് ആന്‍ഡ് റണ്‍' വകുപ്പ്

കൊച്ചി: ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐപിസി) പകരംവന്ന ഭാരതീയ ന്യായസംഹിതയില്‍ (ബിഎന്‍എസ്) ഉള്‍പ്പെടുത്തിയ ശ്രദ്ധേയമായ വകുപ്പായിരുന്നു അപകടത്തിനുശേഷം വാഹനം നിര്‍ത്താതെപോകുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ ചുമത്താനുള്ള 106(2). പക്ഷേ, ബിഎന്‍എസ് നിലവില്‍വന്നപ്പോള്‍ ഈ വകുപ്പുമാത്രം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ഹിറ്റ് ആന്‍ഡ് റണ്‍ സംഭവങ്ങള്‍ കൂടുമ്പോഴും ഈ വകുപ്പിന് പ്രാബല്യംനല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. അതിവേഗവും അശ്രദ്ധയും കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ ഈ വകുപ്പ് ഫലപ്രദമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തിനുശേഷം വാഹനം നിര്‍ത്താതെ പോകുന്ന സംഭവത്തില്‍ വകുപ്പ് 106(2) പ്രകാരം പ്രതികളെ 10 വര്‍ഷംവരെ തടവിനും പിഴയടയ്ക്കാനും ശിക്ഷിക്കാം. ജാമ്യംകിട്ടാത്ത വകുപ്പാണിത്. നിലവില്‍ വാഹനാപകടക്കേസില്‍ വാഹനം നിര്‍ത്തിയാലും ഇല്ലെങ്കിലും ബിഎന്‍എസ് 106(1) പ്രകാരമാണ് കേസെടുക്കുന്നത്. ഇതുപ്രകാരം അഞ്ചുവര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ.
ജാമ്യവും കിട്ടും. സുപ്രീംകോടതി 2015-ല്‍ അബ്ദുള്‍ ഷെരീഫ് കേസില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വാഹനാപകടക്കേസില്‍ ചുമത്തുന്ന ഐപിസി വകുപ്പ് 304എ പര്യാപ്തമല്ലെന്നും പുനരാലോചന വേണമെന്നും ഉത്തരവിട്ടിരുന്നു. ഇതടക്കം കണക്കിലെടുത്താണ് ഹിറ്റ് ആന്‍ഡ് റണ്‍ ചെറുക്കാനായി ബിഎന്‍എസില്‍ 106(2) വകുപ്പ് ഉള്‍പ്പെടുത്തിയത്. തൊഴിലാളി യൂണിയനുകളുടെയും ടൂറിസ്റ്റ് സര്‍വീസ് ബസ്സുടമകളുടെയും സമ്മര്‍ദത്തെത്തുടര്‍ന്നാണ് വകുപ്പ് 106(2) മരവിപ്പിച്ചതെന്ന ആക്ഷേപം ശക്തമാണ്.
Content Highlights: Section 106(2) of the Bhartiya Nyayasangita (BNS) for hit and run accidents is frozen