സെൻസർ ചെയ്ത ചിത്രമല്ലേ, പിന്നെന്തിനാണ് എതിർപ്പ്?; എമ്പുരാനെതിരായ ഹർജിയിൽ ഹൈക്കോടതി, പ്രദർശനം തടയില്ല

കൊച്ചി: എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ഹര്‍ജിയ്‌ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹര്‍ജിയാണിതെന്ന് കോടതി പറഞ്ഞു. ചിത്രം സെന്‍സര്‍ ചെയ്തതല്ലേ എന്നും പിന്നെ എന്തിനാണ് എതിര്‍പ്പെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് മുന്‍പാകെയാണ് എമ്പുരാനെതിരേയുള്ള ഹര്‍ജി വന്നത്. തുടര്‍ന്നാണ് കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ഹര്‍ജിക്കാരന്‍ സിനിമ കണ്ടിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. സിനിമയുടെ പ്രദര്‍ശനം തടയാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. കലാപസാധ്യതയുണ്ടെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത്തരത്തില്‍ എവിടെയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വിവി വിജീഷാണ് എമ്പുരാനെതിരേ കോടതിയെ സമീപിച്ചത്. അതേസമയം, പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് വിജേഷിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. 'പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിനാല്‍ വിജീഷിനെ സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടുകൂടി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു', എന്നാണ് പാര്‍ട്ടി പ്രസ്താവന.
നടപടിക്ക് പിന്നാലെ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് വിജീഷ് വ്യക്തമാക്കി. സിനിമയ്ക്കെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വിജീഷ് വ്യക്തമാക്കി.
Content Highlights: high court slams petitioner who approaches high court seeking ban on empuraan movie