ആഗോള അയ്യപ്പസംഗമം; സ്പോൺസർഷിപ്പിനെക്കാൾ കൂടുതൽ ചെലവിട്ടു, ബോർഡ് ഉത്തരം പറയണം – ഹൈക്കോടതി

കൊച്ചി: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി സ്പോൺസർഷിപ്പിലൂടെ ലഭിച്ചതിനെക്കാൾ കൂടുതൽ പണം ചെലവായിട്ടുണ്ടെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരിക്കണമെന്ന് ഹൈക്കോടതി. സംഗമത്തിനുള്ള പണം സ്പോൺസർഷിപ്പിലൂടെ ലഭിക്കുമെന്നാണ് പറഞ്ഞത്. അതിനെക്കാൾ ഏറെ ചെലവു ണ്ടായെന്നാണ് ഓഡിറ്റിങ്ങിൽനിന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തിലാണ് വിശദീകരണം വേണ്ടതെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വരവുചെലവുമായി ബന്ധപ്പെട്ട് ഓഡിറ്റ് സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ്സ് ഹാജരാക്കിയ രേഖകൾ പരിശോധിച്ച ശേഷമാണ് വിശദീകരണം ആവശ്യപ്പെട്ടത്. ബോർഡിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നതാണ് സംഗമത്തിന്റെപേരിൽ നടന്ന പല ഇടപാടുകളുമെന്ന് കോടതി പറഞ്ഞു. ബോർഡ് കൂടുതൽ സമയം തേടുന്നതിൽ അർഥമില്ല.
ബോർഡിന്റെ ഓഡിറ്റിങ് നടത്തുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ച് റിപ്പോർട്ട് നൽകാൻ ഓഡിറ്റ് സ്ഥാപനത്തോടും നിർദേശിച്ചു. എങ്ങനെ മെച്ചപ്പെടുത്താനാകും എന്നതിൽ നിർദേശങ്ങളും നൽകണം. വിഷയം ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കും.
അയ്യപ്പസംഗമത്തിനായി തുറന്ന ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിൽ സ്പോൺസർഷിപ്പായി ലഭിച്ചത് 3.98 കോടിയാണ്. ഇതിൽ രണ്ടു കോടി രൂപ ധനലക്ഷ്മി ബാങ്കും ഒരുകോടി കേരള ബാങ്കും 98 ലക്ഷം അദാനി വിഴിഞ്ഞം പോർട്ടും നൽകിയതാണ്. ഇതിനുപുറമേ ദേവസ്വം അക്കൗണ്ടിൽനിന്ന് അഞ്ചുകോടിയും അക്കൗണ്ടിലെത്തി.
സംഗമത്തിന്റെ നടത്തിപ്പ് ഏൽപ്പിച്ചിരുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ.ഐ.ഐ.സി.) അയച്ച പുതുക്കിയ ബിൽ സ്റ്റേറ്റ്മെന്റ് പ്രകാരം 7.04 കോടിയാണ് ചെലവായി കാണിച്ചിരിക്കുന്നത്. ഇതിൽ മൂന്നുകോടി മുൻകൂറായി നൽകി. 4.04 കോടി ലഭിക്കാനുണ്ട്.
നടത്തിപ്പിന് ഐ.ഐ.ഐ.സി. നിയോ കൊച്ചിൻ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്, കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവയ്ക്ക് യഥാക്രമം 1.73 കോടി, 3.22 കോടി, 36 ലക്ഷം രൂപയ്ക്ക് ഉപകരാർ നൽകി. പലപരിപാടിയുടെയും ബില്ലുകൾ ഒരുമിച്ചാണ് നൽകിയത്. ഒരോ പരിപാടിയുടെയും ചെലവ് കൃത്യമായി വിലയിരുത്തതാനായിട്ടില്ല. ജോയിന്റ് മെഷർമെന്റ് റിപ്പോർട്ടിലെ പൊരുത്തക്കേടും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: High Court demands an explanation from the Travancore Devaswom Board for overspending on the Global Ayyappa Meet. Reported expenses of ₹7.04 crore significantly exceeded the sponsorship amount of ₹3.98 crore. The court noted financial indiscipline, lack of itemized bills, and discrepancies in audit reports. The case involves major entities like Dhanalakshmi Bank, Kerala Bank, Adani Port, and Uralungal Society.